അക്രമാസക്തനായ യുവാവിനെ പിടികൂടാൻ ശ്രമം; പരപ്പനങ്ങാടിയിൽ സി.ഐക്ക് കുത്തേറ്റു
പരപ്പനങ്ങാടി: അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടി സി.ഐക്ക് (എസ്.എച്ച്.ഒ) കുത്തേറ്റു. എസ്.എച്ച്.ഒ സ്റ്റെപ്‌റ്റോ ജോണിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒന്നരയോടെ ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തുവെച്ചായിരുന്നു സംഭവം. കയ്യിൽ ആഴത്തിൽ മുറിവേറ്റ അദ്ദേഹത്തെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൊടുവിങ്ങൽ കാട്ടുങ്ങൽ സജേഷ് എന്നയാളാണ് പോലീസിനെ ആക്രമിച്ചത്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ഇയാളെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ വീട്ടുകാർ ‘ട്രോമാകെയർ’ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. എന്നാൽ സജേഷ് ക്രൂരമായി പ്രതിരോധിക്കുകയും വീട്ടിലുണ്ടായിരുന്ന പോലീസുകാരനായ സഹോദരനെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഇയാൾ അടിച്ചുതകർത്തു.
നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വീട്ടുകാർ പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ സി.ഐ ഹെപ്റ്റോ ജോൺ, സജേഷിനെ അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ കൂടുതൽ അക്രമാസക്തനായ സജേഷ്, സമീപത്തെ ഷോപ്പിന്റെ പൊട്ടിയ ഗ്ലാസ് കഷ്ണമുപയോഗിച്ച് സി.ഐയെ കുത്തുകയായിരുന്നു. കുത്ത് തടയാൻ ശ്രമിക്കുന്നതിനിടെ സി.ഐയുടെ കൈക്ക് ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.
നാട്ടുകാർക്കും പോലീസിനും നേരെ ആക്രമണം അഴിച്ചുവിട്ട സജേഷ് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. നേരത്തെയും മാനസിക ചികിത്സ തേടിയിട്ടുള്ളതായി പറയുന്നു. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
