കൊണ്ടോട്ടിയിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നു മരണം
മലപ്പുറം: കൊണ്ടോട്ടി മൊറയൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേർ മരിച്ചു. പാലക്കാട് സ്വദേശിനി സക്കീന (42), ബന്ധുവായ ബാസില (19), കാർ ഓടിച്ചിരുന്ന മണ്ണാർക്കാട് സ്വദേശി ഷിയാസ് (23) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാസിലയുടെ സഹോദരൻ ബാസിത്തിനെ കരിപ്പൂർ വിമാനത്താവളത്തില്‍ വിട്ട് തിരികെ മലപ്പുറം മേലാറ്റൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അപകടവാർത്ത അറിഞ്ഞ ബാസിത് ദുബായ് യാത്ര ഉപേക്ഷിച്ച് മടങ്ങി വന്നു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസിലേക്ക് ഇടിച്ച് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ കാർ പൂർണ്ണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. സക്കീനയും ബാസിലയും ഷിയാസും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
