NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊണ്ടോട്ടി നഗരസഭയിലെ ക്രമക്കേട്: ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു; അന്വേഷണം തുടരുന്നു..!

കൊണ്ടോട്ടി നഗരസഭയിലെ ഭരണപരമായ വീഴ്ചകളും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ കർശനമാക്കുന്നു. കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് നഗരസഭയിലെ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അന്ന് നഗരസഭയിലെ ഉദ്യോഗസ്ഥൻ ആയിരുന്ന ക്ലർക്ക് അനീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.

നഗരസഭയുടെ വിവിധ പദ്ധതികളിലും ഫയൽ കൈകാര്യത്തിലും വ്യാപകമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി.

നഗരസഭയുടെ കീഴിൽ നടന്ന വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ സാമ്പത്തിക മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കരാർ തുകയിൽ അസ്വാഭാവികമായ വർധനവ് വരുത്തിയെന്നുമാണ് വിജിലൻസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇതിനുപുറമെ, ഫയലുകൾ തീർപ്പാക്കുന്നതിൽ അകാരണമായ കാലതാമസം വരുത്തിയതിനും പല പ്രധാന ഫയലുകൾ കാണാതായതിനും പിന്നിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് വിജിലൻസ് സംഘം വിലയിരുത്തുന്നു.

അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയതയും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും ഭരണസമിതിയിലെ ചിലരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.

നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ക്രമക്കേടിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ തുടർ അന്വേഷണം ഊർജ്ജിതമാക്കുമെന്നും അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *