മാസപ്പടി കേസ്; പിണറായി വിജയന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ, പ്രത്യേക ബെഞ്ച് രൂപീകരിച്ചു
മാസപ്പടി കേസിൽ കേരള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹർജികൾ പരിഗണിക്കുന്നതിനായി ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് പിണറായി വിജയൻ, മകൾ ടി വീണ, പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്.
ആരോപണവിധേയരുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും അതിനാൽ നടപടി നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. ഇതോടെയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 82 വയസുള്ള മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നും ഹർജി വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കുന്ന കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കുന്നതിനുള്ള പട്ടിക പുറത്തിറക്കിയത്. ആന്ധ്രാപ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് നൽകിയ ഹർജിയും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. മാസപ്പടി കേസിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് പിണറായി വിജയൻ ഉൾപ്പെടെയുള്ള ഹർജിക്കാർക്ക് നിർണായകമാകും.
