NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വഖഫ് ബോര്‍ഡില്‍ കാന്തപുരത്തിന് പ്രതിനിധി; സമവായം മുഖ്യമന്ത്രിയുടെ ഇടപെടലില്‍

 

തിരുവനന്തപുരം : വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് തര്‍ക്കം പരിഹരിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ സമവായ ഫോര്‍മുല പ്രകാരം, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോര്‍ഡ് അംഗത്വമൊഴിയും. പകരം കാന്തപുരം വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തും.

 

ഇതിന്റെ ഭാഗമായി കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയും തുടര്‍ന്ന് തൊടിയൂരിനെ ചെയര്‍മാനാക്കുകയും ചെയ്യും. സമവായത്തിലെത്തിയതോടെ കാന്തപുരം വിഭാഗം 22ന് നടത്താനിരുന്ന കലക്ടറേറ്റ് മാര്‍ച്ച് പിന്‍വലിച്ചേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ എപി വിഭാഗം കോഴിക്കോട്ട് യോഗം ചേരും. കൂടാതെ നേതാക്കള്‍ കാന്തപുരവുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനും ശ്രമിക്കുന്നുണ്ട്. വഖഫില്‍ സമവായമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.

 

നിലവില്‍ പ്രഖ്യാപിച്ച ബോര്‍ഡില്‍ മാറ്റങ്ങള്‍ വരുമെന്നും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ ചില കാറ്റഗറി അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍ കാരണം എല്ലാവരെയും ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ആരെയും ബോധപൂര്‍വം മാറ്റി നിര്‍ത്തിയതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു വിഭാഗത്തെയും മനഃപ്പൂര്‍വം ഒഴിവാക്കിട്ടില്ലെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!