പിതാവിനെ കാണാൻ സന്ദർശക വിസയിലെത്തി; മലപ്പുറം സ്വദേശികളുടെ രണ്ടുവയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു..!
സന്ദർശക വിസയിൽ പിതാവിനെ കാണാൻ ഷാർജയിലെത്തിയ മലപ്പുറം സ്വദേശികളായ ദമ്പതികളുടെ രണ്ടുവയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.
ഷാർജയിൽ വെച്ചുണ്ടായ ദാരുണമായ അപകടം പ്രവാസി മലയാളികൾക്കിടയിൽ വലിയ നോവായി. തലാൽ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന പിതാവ് ഷറഫുദ്ദീനെ കാണാനായി കഴിഞ്ഞ മാസം 18-നാണ് അലൻ മാതാവിനൊപ്പം ഷാർജയിലെത്തിയത്.
രണ്ട് മാസത്തെ സന്ദർശക വിസയിലായിരുന്നു ഇവരുടെ യാത്ര. പിതാവിനൊപ്പമുള്ള സന്തോഷകരമായ ദിനങ്ങൾക്കിടയിലാണ് വിധി അപകടത്തിന്റെ രൂപത്തിൽ എത്തിയത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയുടെ മൃതദേഹം ദുബായ് ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.
