ഇന്ദുലേഖയുടെ ഓർമ്മകളുണർത്തി പരപ്പനങ്ങാടി; നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന് മുന്നോടിയായി ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്തു
പരപ്പനങ്ങാടി: ഒ. ചന്തുമേനോന്റെ വിഖ്യാത നോവലായ ‘ഇന്ദുലേഖ’യുടെ സ്മരണകൾ ഉണർത്തി പരപ്പനങ്ങാടിയിൽ ഇൻസ്റ്റലേഷൻ ഒരുങ്ങി. പ്രഥമ പരപ്പനാട് നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറാക്കിയ ഈ പ്രതീകാത്മക ഇൻസ്റ്റലേഷന്റെ അനാച്ഛാദനം നഗരസഭാധ്യക്ഷ പി. സുബൈദ നിർവ്വഹിച്ചു. പരപ്പനങ്ങാടി നഗരസഭയ്ക്ക് മുന്നിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചിരിക്കുന്നത്.
മലയാള നോവൽ സാഹിത്യത്തിന് പുതുവഴി വെട്ടിയ ഇന്ദുലേഖയുടെ പ്രതീകം നഗരമധ്യത്തിൽ ഉയരുന്നത് വരാനിരിക്കുന്ന സാഹിത്യോത്സവത്തിന്റെ ആവേശം വർധിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരൻ അശോകൻ ആദിപുരയിടത്ത്, ഉണ്ണികൃഷ്ണൻ യവനിക എന്നിവരുടെ നേതൃത്വത്തിലാണ് ഈ ശില്പം പൂർത്തിയാക്കിയത്.
ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ ഷമീം കിഴക്കിനിയകത്ത്, കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടി, ബിന്ദു ജയചന്ദ്രൻ, വായനശാല പ്രസിഡന്റ് വിനോദ് തള്ളശേരി, സതീഷ് തോട്ടത്തിൽ, ടി.കെ അരവിന്ദൻ, സിമി നടുവത്ത്, ഷബ്രാസ്, മാഡ് മധു, കെ.പി മനീഷ് എന്നിവർ പങ്കെടുത്തു.
നവജീവൻ വായനശാല ബാലവേദിയിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ചടങ്ങിന് മാറ്റുകൂട്ടി. ഫെബ്രുവരി 8-ന് പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളിൽ വെച്ചാണ് ഏകദിന ലിറ്ററേച്ചർ ഫെസ്റ്റിവൽ അരങ്ങേറുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
