വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; കൂടെ കാറ്റും; ജില്ലയിൽ യെല്ലോ അലർട്ട്..!
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത. മലപ്പുറം ജില്ലയിൽ അടക്കമുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.
ഇന്ന് മുതല്‍ രണ്ടാം തീയതി വരെ മദ്ധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.
