ചുണ്ടൻ വള്ളത്തിൽ രാഹുൽ ഗാന്ധി, ആവേശത്തോടെ തുഴച്ചിൽക്കാർക്കൊപ്പം
പുന്നമട കായലിൽ വള്ളംകളി പ്രദർശനത്തിന്റെ ഭാഗമായി തുഴയെടുത്ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കോൺഗ്രസിലെ മറ്റ് മുതിർന്ന നേതാക്കൾക്കൊപ്പമാണ് രാഹുൽ പ്രദർശന മത്സരത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളത്തിന്റെ നടുഭാഗത്തിരുന്ന തുഴച്ചിൽക്കാർക്കൊപ്പം ഇരുന്ന് ആവേശത്തിൽ തുഴയുന്ന രാഹുലിനെയും കെ.സി വേണുഗോപാലിനെയും ചിത്രത്തിൽ കാണാം. ന്യൂസ് ഏജൻസിയായ എഎൻഐ ആണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഭാരത് ജോഡോ യാത്ര നിലവിൽ ആലപ്പുഴയിലാണുള്ളത്. കഴിഞ്ഞ ദിവസം വടയ്ക്കൽ ബീച്ചിൽ തിങ്കളാഴ്ച രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളി സമൂഹവുമായി ചർച്ച നടത്തിയിരുന്നു. 15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 140 രൂപയ്ക്കും മുകളിലാണ്. ഇത് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കില്ലെന്നും ജോലിക്ക് പോകാൻ സാധിക്കുന്നില്ല എന്നും രാഹുൽ ഗാന്ധിയെ തൊഴിലാളികൾ അറിയിച്ചിരുന്നു.
തൊഴിലാളികളുടെ ഓരോ ആവശ്യവും വളരെ ശ്രദ്ധയോടെ കേട്ട രാഹുൽ നിവേദനകൾ കൈപറ്റി. ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ ഭാരത് ജോഡോ യാത്ര ഇന്ന് വൈകിട്ട് ഏഴിന് കാണിച്ചികുളങ്ങരയിൽ സമാപിക്കും. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 150 ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലാണ് തുടക്കമായത്. പതിനൊന്നിനാണ് യാത്ര കേരളത്തില്‍ പ്രവേശിച്ചത്. പാറശ്ശാലയില്‍ നിന്നായിരുന്നു പദയാത്ര ആരംഭിച്ചത് .
