ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോവുക യെന്നതാണ് സമസ്തയുടെ നിലപാട്; ജിഫ്രി മുത്തുക്കോയ തങ്ങൾ
ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. എതിർക്കേണ്ട കാര്യങ്ങളിൽ സർക്കാരുകളെ എതിർത്ത പാരമ്പര്യവും സമസ്തയ്ക്ക് ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
ഓരോ രാഷ്ട്രീയ പാർട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. സമസ്തയുടെ ലക്ഷ്യമതല്ല. എന്നാൽ രാഷ്ട്രീയ സംഘടനകളിൽ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമാണുള്ളതെന്നും മറ്റ് രാഷ്ട്രീയ സംഘടനകളുമായും സമസ്തയ്ക്ക് ബന്ധമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിചേർത്തു. സമസ്തയുടെ മലപ്പുറം ജില്ല സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വധഭീഷണിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും താൻ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം ജിഫ്രി മുത്തുക്കോയ തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കാസർകോട് ചെമ്പരിക്ക ഖാസിസി.എം.അബ്ദുല്ല മുസ് ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പലരും വിളിക്കുന്നുണ്ടെന്നാണ് തങ്ങൾ പറഞ്ഞത്.
