മതം മാറാൻ വിസമ്മതിച്ചതിന് ക്രൂരമർദ്ദനം; തലച്ചോറിന് ക്ഷതമേറ്റ് യുവാവ് ചികിത്സയിൽ
മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യാസഹോദരനും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. തലച്ചോറിന് ക്ഷതമേറ്റ മിഥുൻ ചികിത്സയിലാണ്. ഒക്ടോബർ 31ന് ചിറയിൻകീഴ് ബീച്ച് റോഡിലാണ് ആക്രമണം നടന്നത്. മിഥുനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
29കാരനായ മിഥുനും 24കാരിയായ ദീപ്തിയും ഒക്ടോബർ 29നാണ് വിവാഹിതരായത്. ദീപ്തി ലത്തീൻ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാൻ വിഭാഗക്കാരനാണ് മിഥുൻ. ദീപിതിയുടെ വീട്ടിൽ വിവാഹത്തിന് എതിർപ്പായിരുന്നു. ഇതോടെ കുടുംബവുമായുള്ള പ്രശ്‌നങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് മിഥുനെ ദീപ്തിയുടെ സഹോദരൻ വിളിച്ചു കൊണ്ടുപോയി മിഥുനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരനൊപ്പം മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നു.
ദീപ്തിയുടെ സഹോദരൻ ഡാനിഷ് ഡോക്ടറാണ്. മിഥുൻ മതം മാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടർന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും മറ്റ് മൂന്ന് സുഹൃത്തുകളും ചേർന്ന് മിഥുനെ ക്രൂരമായി മർദ്ദിച്ചത്.
ആദ്യം കൈ കൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരിക്കേറ്റ മിഥുനെ ആദ്യം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് കേസെടുത്തു.
