കളഞ്ഞുകിട്ടിയ മുക്കാൽ പവന്റെ ബ്രേസ്‌ലെറ്റ് ഉടമയ്ക്ക് തിരിച്ചുനൽകി ശ്വേത
പരപ്പനങ്ങാടി : സത്യസന്ധതയുടെയും മാനവികതയുടെയും മനോഹരമായ മാതൃക തീർത്ത് അയോദ്ധ്യാനഗർ സ്വദേശിനിയായ ശ്വേത. കോഓപ്പറേറ്റീവ് കോളേജിൽ പഠിക്കുന്ന നിഹാല ജിബിന്റെ നഷ്ടപ്പെട്ടുപോയ മുക്കാൽ പവന്റെ സ്വർണ്ണ ബ്രേസ്‌ലെറ്റാണ് ശ്വേത പോലീസിന്റെ സാന്നിധ്യത്തിൽ തിരികെ നൽകി മാതൃകയായത്.
കഴിഞ്ഞ ദിവസമാണ് നിഹാല ജിബിന്റെ കൈയിൽ നിന്നും സ്വർണ്ണ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടത്. ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന നിഹാലയ്ക്ക് ഈ അപൂർവ്വ അനുഭവം വലിയൊരു ആശ്വാസമായി മാറി.
വഴിയിൽ നിന്നും ലഭിച്ച വിലപിടിപ്പുള്ള സ്വർണ്ണാഭരണം സ്വന്തമാക്കാൻ ശ്രമിക്കാതെ, അത് യഥാർത്ഥ ഉടമയ്ക്ക് തന്നെ തിരികെ എത്തിക്കാൻ ശ്വേത കാണിച്ച സന്മനസ്സ് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി.
തുടർന്ന് പോലീസിന്റെ ഔദ്യോഗിക സാന്നിധ്യത്തിൽ നടത്തിയ സ്വർണ്ണക്കൈമാറ്റം ചടങ്ങ് ഇരു കുടുംബങ്ങൾക്കും സന്തോഷം പകരുന്നതായി.
സമൂഹത്തിൽ ഇത്തരത്തിലുള്ള സത്യസന്ധരായ മനുഷ്യർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നത് ഏവർക്കും പ്രചോദനമാകുന്ന ഒന്നാണ്.
ശ്വേതയുടെ ഈ മാതൃകാപരമായ പ്രവൃത്തിയിൽ എസ് ഐ മാത്യൂസ് ജോസ്, എ.എസ്.ഐ. കെ.സലേഷ് , എസ് സി പി ഒ സുധീഷ് , സി.പി.ഒ ജാഫറലി ,നഗരസഭാ കൗൺസിലർ കെ.പി പ്രമജേഷ് തുടങ്ങിയവർ ശ്വേതയുടെ സത്യസന്ധതയെ പ്രശംസിച്ചു.
