പരപ്പനങ്ങാടിയിൽ മോഷ്ടാക്കൾ വിലസുന്നു; നാട്ടുകാർ ഭീതിയിൽ
പരപ്പനങ്ങാടി : പരപ്പനങ്ങാടി നെടുവ, കുപ്പിവളവ് മേഖലകളിൽ മോഷണശ്രമങ്ങൾ തുടർക്കഥയാകുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ നെടുവ താണ്ടാംപറമ്പത് ഷൺമുഖന്റെയും കാഞ്ഞിരശ്ശേരി സുമതിയുടെയും വീടുകളിൽ മോഷ്ടാവ് കയറാൻ ശ്രമിച്ചിരുന്നു.
വീട്ടുകാർ ബഹളം വെക്കുകയും സി.സി.ടി.വി ക്യാമറ ശ്രദ്ധയിൽപെടുകയും ചെയ്തതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
സുമതിയുടെ വീടിന്റെ പിൻഭാഗത്തുകൂടി ഒരാൾ ഒളിച്ചോടുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ചേളാരി റോഡ് മൊടുവിങ്ങലിൽ കാട്ടിക്കൊലോത്ത് രവീന്ദ്രന്റെ വീട്ടിൽ പിൻവാതിൽ തകർത്ത് അകത്തുകടക്കാൻ ശ്രമിക്കവേ നാട്ടുകാർ കള്ളനെ പിടികൂടി പോലീസിന് കൈമാറിയിരുന്നു.
തുടർച്ചയായ ദിവസങ്ങളിൽ സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് ജനങ്ങളിൽ ഭീതിപരത്തിയിട്ടുണ്ട്.
പ്രദേശത്ത് രൂപീകരിച്ച ജാഗ്രതാ സമിതികൾ കൂടുതൽ സജീവമാക്കുകയും പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
