NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെട്ടിപ്പടി സി.എച്ച്.സിയിൽ ഡോക്ടർക്ക് മർദ്ദനം; ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം

പരപ്പനങ്ങാടി : ചെട്ടിപ്പടി നെടുവ ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സി.എച്ച്.സി) ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ഡോക്ടറെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സി.എച്ച്.സിയിലെ ഡോ. കൃഷ്ണ പ്രസാദിനാണ് മർദ്ദനമേറ്റത്. ചെട്ടിപ്പടി സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളാണ് ആശുപത്രിയിൽ അതിക്രമം കാട്ടിയത്. യുവതിയോട് ഡോക്ടർ ഫോൺ നമ്പറും ഇൻസ്റ്റാഗ്രാം വിവരങ്ങളും ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്. ഈ വിവരം യുവതി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തി പരിശോധനാ മുറിയിൽ അതിക്രമിച്ചു കയറി ഡോക്ടറെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെയാണ് ഡോക്ടറെ ക്രൂരമായി മർദ്ദിച്ചതെന്നും സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ ഡോ. കൃഷ്ണ പ്രസാദിനെ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

അതേസമയം ചികിത്സയ്‌ക്കെത്തിയ യുവതിയോട് ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയതായി യുവതി ചെമ്മാട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചയോടെ തലവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പി.ജി വിദ്യാര്‍ഥിനിയായ യുവതിയോട് ജനറല്‍ വിഭാഗം ഡോക്ടര്‍ കൃഷ്ണപ്രസാദ് മോശമായി പെരുമാറുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തെന്നാണ് യുവതിയുടെ ആരോപണം.

വ്യക്തിവിവരങ്ങളും ഫോണ്‍ നമ്പറും ചോദിച്ച ഡോക്ടര്‍, കാലില്‍ പിടിക്കാന്‍ ശ്രമിച്ചതായും ഭയന്നോടിയ യുവതിയുടെ സഹോദരന്‍ കാര്യം അന്വേഷിച്ചപ്പോള്‍ മര്‍ദ്ദിച്ചതായും യുവതി വ്യക്തമാക്കി. തങ്ങളുടെ പരാതിയില്‍ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയ പോലീസ്, ഡോക്ടറുടെ പരാതിയില്‍ തങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും യുവതി ആരോപിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകുമെന്നും യുവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!