4% പലിശ നിരക്കിൽ സ്വർണ പണയം, ചിട്ടി, ഡെപ്പോസിറ്റുകൾ; തട്ടിയത് കോടികൾ; രണ്ടുപേർ പിടിയിൽ
കോഴിക്കോട് ; പേരാമ്പ്രയിൽ സ്വകാര്യ ധനകാര്യസ്ഥാപനം നടത്തി ആയിരത്തോളം നിക്ഷേപകരിൽനിന്നു കോടികൾ തട്ടിയെടുത്ത് ഒളിവിൽ പോയ സംഭവത്തിൽ കമ്പനി നടത്തിപ്പുകാരായ രണ്ടുപേർ പിടിയിൽ. പേരാമ്പ്രയിൽ അർബൻ നിധി എന്ന സ്ഥാപനത്തിലൂടെ പണം തട്ടിച്ച കടിയങ്ങാട് സ്വദേശികളായ മലയിൽ കെ.കെ.രതീഷ് (43), ചെറുകുന്നുമ്മൽ സി.കെ.ജനിൽ കുമാർ (46) എന്നിവരാണ് അറസ്റ്റിലായത്.
റൂറൽ എസ്‌പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പേരാമ്പ്ര സ്റ്റേഷൻ എസ്ഐ ഷൗക്കത്തലി, റൂറൽ എസ്‌പിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എഎസ്‌ഐ സി.എം.സുനിൽകുമാർ, പേരാമ്പ്ര ഡിവൈഎസ്‌പിയുടെ സ്ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാഫി എന്നിവരാണ് രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞ ഇരുവരെയും പിടികൂടിയത്. രതീഷിനെ കൊയിലാണ്ടിയിൽനിന്നും ജനിൽ കുമാറിനെ പേരാമ്പ്ര മേപ്പയ്യൂർ റോഡിൽനിന്നുമാണ് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജനിലിനെ പൊലീസ് പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്.
പേരാമ്പ്ര സിവിൽ സ്റ്റേഷനു മുന്നിലാണ് അർബൻ നിധി ലിമിറ്റഡിന്റെ പ്രധാന ശാഖ പ്രവർത്തിച്ചുവന്നത്. പേരാമ്പ്ര, കല്ലോട്, കൂത്താളി, കടിയങ്ങാട്, മുതുവണ്ണാച്ച, പന്തിരിക്കര, പാലേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള ആയിരത്തോളം പേരിൽനിന്ന് 4% പലിശ നിരക്കിൽ സ്വർണ പണയം സ്വീകരിച്ചും ചിട്ടിയിൽ ചേർത്തും സേവിങ്സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ്, പഴ്സനൽ ലോൺ, വനിതകൾക്ക് സ്വയം തൊഴിൽ വായ്പ തുടങ്ങിയ ഇടപാടുകൾ നടത്തിയും കോടിക്കണക്കിനു രൂപയും സ്വർണവുമാണ് ഇവർ തട്ടിയെടുത്തത്.
പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് െചയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇവരുടെ സ്വത്ത് വിവരങ്ങൾ കണ്ടെത്താനാകുമെന്നും നിക്ഷേപകർക്കു നഷ്ടമായ പണം നൽകാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിൽ പ്രതികൾക്കു സഹായം നൽകിയ ചിലരെയും പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
