ജില്ലയിലെ 12-ഓളം കോളേജുകളിൽ നിന്നുള്ള പരാതി: മോർഫിംഗ് കേസിൽ നിർണ്ണായക വഴിത്തിരിവ്: തിരുവനന്തപുരം സ്വദേശിയായ മൊബൈൽ ടെക്‌നീഷ്യൻ പിടിയിൽ..!
സംസ്ഥാനത്ത് വൻ വിവാദമായ മലപ്പുറം മോർഫിംഗ് കേസിൽ പ്രധാന പ്രതിയെ പോലീസ് സംഘം തിരുവനന്തപുരത്തുനിന്നും പിടികൂടി. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശിയായ സുബിൻ ബാബുവിനെയാണ് (26) മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ (എസ്.പി) നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തിരുവനന്തപുരത്ത് മൊബൈൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു പ്രതി.
മലബാർ മേഖല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥിനികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കണ്ടെത്തി, അതിൽ നിന്നുള്ള ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത ശേഷം പ്രചരിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ചിത്രങ്ങൾ ദുരുപയോഗം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ താനല്ല ചിത്രങ്ങൾ മോർഫ് ചെയ്തതെന്നും പണമുണ്ടാക്കാൻ വേണ്ടി മറ്റൊരാൾ നൽകിയതാണെന്നുമാണ് ഇയാൾ മൊഴി നൽകിയതെങ്കിലും, പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ പന്ത്രണ്ടോളം പ്രമുഖ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നത്. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും തിരുവനന്തപുരത്തെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
