വൈദ്യുതിമുടക്കത്തിന്റെ സമയം തലേന്ന് അറിയിക്കണം: കെഎസ്ഇബിയോട് റഗുലേറ്ററി കമ്മിഷൻ
തിരുവനന്തപുരം : സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാൽ ഏതൊക്കെ ഫീഡറിൽ എത്ര മണിക്കാണു വൈദ്യുതി വിഛേദിക്കുന്നതെന്ന് ഉപയോക്താക്കളെ തലേന്നുതന്നെ അറിയിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചു.
ക്രമരഹിതമായി ഏർപ്പെടുത്തുന്ന വൈദ്യുതി നിയന്ത്രണത്തിലും അത് ഉപയോക്താക്കൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിലും ആശങ്കയുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.
ഓരോ ദിവസത്തെയും വൈദ്യുതി ആവശ്യവും ലഭ്യതയും തലേന്നു തീരുമാനിക്കാനാകും. വൈദ്യുതി വിപണിയിലെ ഡേ എഹെഡ് മാർക്കറ്റ് (ഡാം) ഉൾപ്പെടെ എല്ലാ സ്രോതസ്സുകളിൽനിന്നുമുള്ള വൈദ്യുതി ലഭ്യത തലേന്ന് അറിയാം. അതിനാൽ, കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തി അടുത്ത ദിവസത്തെ ദൗർലഭ്യം എത്രയെന്നു കണക്കാക്കാനാകും.
ഓരോ സമയ ബ്ലോക്കിനും 2 മണിക്കൂർ മുൻപു മാത്രം അന്തിമമായി അറിയാൻ കഴിയുന്ന തത്സമയ വിപണിയിലെ (ആർടിഎം) വൈദ്യുതി ലഭ്യതയിൽ മാത്രമാണ് അനിശ്ചിതത്വം. ഇതിൽ എത്ര വൈദ്യുതി ലഭിച്ചാലും ദൗർലഭ്യം അത്രയും കുറയും. അതിനാൽ, ലോഡ് ഷെഡിങ് ആവശ്യമുണ്ടോയെന്നും ഓരോ ഫീഡറിലും എത്ര സമയം നിയന്ത്രണം വേണമെന്നും തലേന്നു വൈകിട്ട് അഞ്ചോടെ തീരുമാനിച്ച് ഉപയോക്താക്കളെ അറിയിക്കണം. ആർടിഎം വിപണിയിൽനിന്നു വൈദ്യുതി ലഭിച്ചാൽ നിയന്ത്രണത്തിന്റെ ദൈർഘ്യം കുറയ്ക്കുകയും ചെയ്യാം.
ഒരു ഫീഡറിലെ നിയന്ത്രണത്തിന് നിശ്ചിത സമയം തീരുമാനിച്ചാൽ അടുത്ത ഒന്നോ രണ്ടോ ആഴ്ചയിൽ എപ്പോൾ നിയന്ത്രണം വേണ്ടിവന്നാലും ഈ സമയക്രമം പാലിക്കണം. അടിക്കടി ലോഡ് ഷെഡിങ്ങിന്റെ രീതി മാറ്റരുത്. തുടർന്ന് ഇതു പുനഃക്രമീകരിക്കാം. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഇത്തരത്തിൽ യുക്തിസഹമായി കുറയ്ക്കാൻ കെഎസ്ഇബി തയാറാകണമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.
