പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ റെക്കോഡ്; 31 പേരുമായി മുഖ്യമന്ത്രി മുന്നില്‍, ചീഫ് വിപ്പിന് 16 സ്റ്റാഫുകള്‍
പേഴ്സണല്‍ സ്റ്റാഫുകളുടെ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മുൻ സർക്കാരില്‍ നിന്നെല്ലാം വ്യത്യസ്തമാവുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വി.ഡി സതീശൻ സർക്കാർ ഇതിനോടകം നിയമിച്ചത് 500 നടുത്ത് പേഴ്സണല്‍ സ്റ്റാഫുകളെ.മന്ത്രിമാർക്കും ക്യാബിനറ്റ് റാങ്കുള്ളവർക്കുമായി 489 സ്റ്റാഫുകളെയാണ് ഇതിനോടകം സർക്കാർ നിയമിച്ചത്.
31 പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ച് മുഖ്യമന്ത്രി തന്നെയാണ് പട്ടികയില്‍ മുന്നിലുള്ളത്. മുന്നണിയുടെ രാഷ്ട്രീയ അധികാരങ്ങള്‍ അല്ലാതെ യാതൊരു ഭരണ ചുമതലകളുമില്ലാത്ത ചീഫ് വിപ് അപു ജോണിന് 16 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളാണുള്ളത്. കെ. മുരളീധരൻ, എൻ. ഷംസുദ്ദീൻ എന്നിവർക്ക് 27 വീതം പേഴ്‌സണല്‍ സ്റ്റാഫുകളുണ്ട്. പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെൻഷൻ കാലാവധി നാല് വർഷമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇപ്പോഴും 2021-ലെ ഉത്തരവ് പ്രകാരം രണ്ടു വർഷവും ഒരു മാസവും സേവനം അനുഷ്ഠിക്കുന്നവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന രീതി തന്നെയാണ് തുടർന്നുപോകുന്നത്.
മുൻ സർക്കാരിന്‍റെ കാലത്തെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചും അനാവശ്യ രാഷ്ട്രീയ നിയമനങ്ങളെക്കുറിച്ചും ശക്തമായി വിമർശിച്ചിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, അധികാരത്തിലെത്തിയപ്പോള്‍ പഴയ നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തി വലിയ തോതിലുള്ള നിയമനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
