വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ വ്യാജ ടെണ്ടർ; ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി ചമച്ചു; അരീക്കോട് സ്വദേശിക്കായി ലുക്കൗട്ട് നോട്ടീസുമായി പോലീസ്..!
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അതോറിറ്റിയുടെ ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ച് 300 കോടി രൂപയുടെ പദ്ധതി കരാർ (ടെണ്ടർ) ലഭിച്ചെന്ന് കാണിച്ച് നിരവധി പേരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അരീക്കോട് സ്വദേശിയായ സൽമാനുൽ ഫാരിസ് പി.ടി (45) എന്നയാൾക്കെതിരെയാണ് തിരുവനന്തപുരം തമ്പാനൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നേരിട്ട് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പോലീസ് അടിയന്തര നടപടികളിലേക്ക് കടന്നത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട 300 കോടിയുടെ വൻകിട ടെണ്ടർ തനിക്ക് ലഭിച്ചുവെന്ന് വിശ്വസിപ്പിക്കാൻ വി.ഐ.എസ്.എൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളും സീലുകളും ലെറ്റർപാഡും പ്രതി വ്യാജമായി നിർമ്മിച്ച് ഉപയോഗിക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ വ്യാജ രേഖകൾ വിവിധ ബിസിനസ്സ് ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും കാണിച്ച് വിഴിഞ്ഞം പദ്ധതിയിൽ പങ്കാളികളാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതി കോടികളുടെ നിക്ഷേപ സമാഹരണത്തിന് ശ്രമിച്ചത്. തട്ടിപ്പ് വിവരം ശ്രദ്ധയിൽപ്പെട്ട വിഴിഞ്ഞം തുറമുഖ അധികൃതർ ഉടനടി പോലീസിനെ സമീപിക്കുകയായിരുന്നു.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ കർശന വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. പ്രതിയുടെ വലയിൽ വീണ് പണം നഷ്ടപ്പെട്ടവരിൽ നിന്നും പോലീസ് വിശദമായ മൊഴികളും വിവരങ്ങളും ശേഖരിച്ചു വരികയാണ്. നിലവിൽ ഒളിവിലുള്ള സൽമാനുൽ ഫാരിസിനെ കണ്ടെത്തുന്നതിനായി മലപ്പുറം കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
