NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മരംമുറിക്കുന്നതിനിടെ മരംമുറി യന്ത്രം തെന്നിമാറി കാൽ അറ്റുതൂങ്ങി; പിടിവിട്ട് താഴേക്ക് പതിച്ച മരംവെട്ട് തൊഴിലാളി മരിച്ചു..!

 

മരംമുറിക്കുന്നതിനിടെ മരംമുറി യന്ത്രത്തിന്റെ ബ്ലേഡ് തട്ടി കാൽ മുറിഞ്ഞതിനെ തുടർന്ന് മരത്തിൽ നിന്ന് പിടിവിട്ട് താഴെ വീണ് മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കിഴിശ്ശേരി കുഴിമണ്ണ ആക്കപ്പറമ്പ് സ്വദേശിയും നിലവിൽ താനാളൂർ അരീക്കാട് തവളാംകുന്നിൽ താമസക്കാരനുമായ ചെറുവത്ത് ചോല വീട്ടിൽ മമ്മദീസയ്ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

 

അരീക്കാട് യു.പി സ്കൂൾ പരിസരത്തായിരുന്നു അപകടം നടന്നത്. തവളാംകുന്നിലെ സതീശന്റെ പറമ്പിൽ മരം വെട്ടാനായി കയറിയതായിരുന്നു മമ്മദീസ. യന്ത്രം ഉപയോഗിച്ച് മരത്തിന്റെ മുകൾഭാഗം മുറിക്കുന്നതിനിടെ യന്ത്രം പെട്ടെന്ന് തെന്നിമാറുകയും കാലിൽ തട്ടി കാൽ അറ്റുതൂങ്ങുകയുമായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മമ്മദീസ മരത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ഉടൻ തന്നെ തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കിഴിശ്ശേരി സ്വദേശിയായ മമ്മദീസ വർഷങ്ങളായി അരീക്കാട് തവളാംകുന്നിലാണ് താമസിച്ച് വന്നിരുന്നത്. മരം മുറിക്കലും മറ്റ് വിവിധ ജോലികൾക്കും പോയാണ് അദ്ദേഹം കുടുംബം പുലർത്തിയിരുന്നത്. സക്കീനയാണ് ഭാര്യ. ഇവർക്ക് മക്കളില്ല.

തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം താനാളൂരിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് തലക്കടത്തൂർ തലപ്പറമ്പ് കുതുബുസ്സമാൻ ജുമാമസ്ജിദിലെ മയ്യത്ത് നമസ്കാരത്തിന് ശേഷമാണ് മൃതദേഹം ജന്മനാടായ കിഴിശ്ശേരിയിലേക്ക് കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *