NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇടിമിന്നലേറ്റ് ബാറ്ററിയും വയറിങും തകരാറിലായി; നിര്‍ത്തിയിട്ട ജീപ്പ് സ്വയം സ്റ്റാര്‍ട്ടായി; മതില്‍ തകര്‍ത്ത് തെങ്ങില്‍ ഇടിച്ചു..!

നിലമ്പൂർ : ശക്തമായ ഇടിമിന്നലിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ജീപ്പ് സ്വയം സ്റ്റാർട്ടായി മുന്നോട്ട് നീങ്ങിയത് നാട്ടുകാരെയും വീട്ടുകാരെയും അമ്പരപ്പിച്ചു. നിലമ്പൂർ നല്ലംതണ്ണിയിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പുലിക്കാട്ട് വിജയന്റെ വീട്ടുമുറ്റത്താണ് അസാധാരണമായ ഈ സംഭവം നടന്നത്.

 

ഇടിമിന്നലിൽ വാഹനത്തിന്റെ വയറിങ് ഷോർട്ടായതാണ് ജീപ്പ് തനിയെ സ്റ്റാർട്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഈ സമയത്താണ് വീടിന് മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ജീപ്പ് പെട്ടെന്ന് സ്റ്റാർട്ടാവുകയും മുന്നോട്ട് നീങ്ങി സമീപത്തെ തെങ്ങിൽ ഇടിച്ചുനിൽക്കുകയും ചെയ്തത്.

സംഭവസമയത്ത് വിജയൻ വീട്ടിലുണ്ടായിരുന്നില്ല. വാഹനത്തിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഭാര്യ പത്മകുമാരിയാണ് ജീപ്പ് തെങ്ങിലിടിച്ചു നിൽക്കുന്നതും ബോണറ്റിൽ നിന്ന് പുക ഉയരുന്നതും കണ്ടത്.

യാത്ര കഴിഞ്ഞെത്തിയ വിജയനും അയൽവാസികളും ചേർന്ന് പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളിലെ ബാറ്ററിയും വയറിങ്ങുകളും പൂർണ്ണമായും കരിഞ്ഞ നിലയിൽ കണ്ടത്. വലിയൊരു അഗ്നിബാധ ഒഴിവായത് ഭാഗ്യം കൊണ്ടാണ്.

ഏകദേശം 20,000 രൂപയോളം ചെലവ് വരുന്ന നാശനഷ്ടങ്ങൾ വാഹനത്തിന് സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇടിമിന്നൽ സമയത്ത് ഇലക്ട്രോണിക് സർക്യൂട്ടുകളിൽ വോൾട്ടേജ് വ്യതിയാനം സംഭവിക്കുന്നതാണ് ഇത്തരം അപൂർവ്വ പ്രതിഭാസങ്ങൾക്ക് കാരണമാകാറുള്ളതെന്ന് വിദഗ്ധർ.

Leave a Reply

Your email address will not be published. Required fields are marked *