NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മിഠായിപ്പൊതി ഇനി മണ്ണിൽ അലിഞ്ഞുചേരും; പരിസ്ഥിതി സൗഹൃദ പരീക്ഷണത്തിന് എസ്.എൻ.എം.എച്ച്.എസ്.എസ് വിദ്യാർഥികൾക്ക് സംസ്ഥാന പുരസ്കാരം, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

പരപ്പനങ്ങാടി: മണ്ണിൽ അഴുകാതെ കിടക്കുന്ന മിഠായിക്കടലാസുകൾക്ക് പരിസ്ഥിതി സൗഹൃദ ബദൽ കണ്ടെത്തി പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കൊച്ചു ശാസ്ത്രജ്ഞർക്ക് സംസ്ഥാന അംഗീകാരം.

 

കെ-ഡിസ്ക്, സമഗ്ര ശിക്ഷാ കേരളം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ (വൈ.ഐ.പി.) അരലക്ഷം രൂപയുടെ പുരസ്കാരമാണ് ഈ മിടുക്കികൾ സ്വന്തമാക്കിയത്.

പ്ലസ് വൺ സയൻസ് വിദ്യാർഥികളായ കെ.കെ. നിഹായ, കെ. വൈഖ, കെ. ഫാത്തിമ ഫിദ എന്നിവർ ചേർന്ന് തയ്യാറാക്കിയ പ്രോജക്റ്റാണ് സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 25,000 രൂപയും നേടിയ സംഘം, സംസ്ഥാനതലത്തിലും മികവ് തെളിയിച്ച് വിദ്യാലയത്തിനും നാടിനും അഭിമാനമായി മാറി.

മിഠായി കഴിച്ചു കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾ ഹരിത കർമ്മ സേനയ്ക്കും പൊതുജനങ്ങൾക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരമായി, മിഠായിക്കൊപ്പം കഴിക്കാവുന്നതോ അല്ലെങ്കിൽ മണ്ണിൽ വേഗത്തിൽ അലിഞ്ഞുചേരുന്നതോ ആയ ആവരണമാണ്  വിദ്യാർഥികൾ വികസിപ്പിച്ചെടുത്തത്. ജലാറ്റിൻ, ചൈനാഗ്രാസ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക ഷീറ്റുകളാണ് പ്ലാസ്റ്റിക്കിന് പകരമായി ഇവർ അവതരിപ്പിച്ചത്.

കേവലം ഒരു പരീക്ഷണമെന്നതിലുപരി കൃത്യമായ സർവ്വേകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് കുട്ടികൾ പദ്ധതി പൂർത്തിയാക്കിയത്. വിദ്യാലയങ്ങളിലും പരിസരത്തെ കടകളിലും വീടുകളിലും  വിദ്യാർഥികൾ നേരിട്ടെത്തി മിഠായിക്കടലാസുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തി. പ്രോജക്റ്റിന്റെ ശാസ്ത്രീയവശങ്ങൾ വിശദീകരിക്കുന്ന സ്ലൈഡുകൾ സ്കൂളിലെ അധ്യാപകർക്ക് മുന്നിൽ അവതരിപ്പിച്ചു.

അധ്യാപകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയ  വിദ്യാർഥികളുടെ ആത്മവിശ്വാസം ഏവരെയും അത്ഭുതപ്പെടുത്തി. ഫിസിക്സ് അധ്യാപിക വി.കെ. ഫാത്തിമയുടെ മാർഗനിർദ്ദേശത്തിലാണ് ഇവർ പദ്ധതി ആവിഷ്കരിച്ചത്. ഹൈസ്കൂൾ വിഭാഗം ശാസ്ത്രാധ്യാപകൻ ഡോ. സഫ്‌വാന്റെ സാങ്കേതിക സഹായവും പദ്ധതിക്ക് കരുത്തുപകർന്നു.

അംഗീകാരത്തിന്റെ തിളക്കത്തിൽ നിൽക്കുന്ന ഈ വിദ്യാർഥികൾ ഫെബ്രുവരി അഞ്ചിന് മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ച് തിരുവനന്തപുരത്തേക്ക് യാത്രയാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. ജേതാക്കൾക്ക് സ്കൂൾ മാനേജ്‌മെന്റ്, പി.ടി.എ, സ്റ്റാഫ് കൗൺസിൽ എന്നിവരുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്.

Leave a Reply

Your email address will not be published. Required fields are marked *