NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അർധരാത്രിയിൽ സ്റ്റോപ്പ് മാറിപ്പോയ അമ്മയ്ക്കും കുഞ്ഞിനും തുണയായി കെഎസ്ആർടിസി ജീവനക്കാർ; 17 കിലോമീറ്റർ തിരികെ ഓടി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്;

അർധരാത്രിയിൽ സ്റ്റോപ്പ് മാറിപ്പോയ അമ്മയ്ക്കും കുഞ്ഞിനും തുണയായി കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സിലെ ജീവനക്കാരാണ് രാത്രിയുടെ നിശബ്ദതയിൽ കരുതലായി മാറിയത്.

എറണാകുളം വൈറ്റിലയിൽ നിന്നും കയറിയ യുവതിക്കും കുഞ്ഞിനും കോട്ടക്കൽ ചങ്കുവെട്ടിയിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ ഇരുവരും പുതിയ നാഷണൽ ഹൈവെയിൽ സ്റ്റോപ്പ് അറിയാതെ പോകുകയായിരുന്നു.

ചങ്കുവെട്ടി കഴിഞ്ഞ് ബസ് ഏറെ ദൂരം മുന്നോട്ട് പോയ ശേഷമാണ് തങ്ങൾ ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞുപോയ വിവരം യുവതി പരിഭ്രാന്തിയോടെ ജീവനക്കാരെ അറിയിച്ചത്. അർധരാത്രിയായതിനാൽ ഹൈവേയിൽ വണ്ടി തിരിക്കുക പ്രായോഗികമായിരുന്നില്ല. ആദ്യം ഇവരെ മറ്റ് വാഹനങ്ങളിൽ കയറ്റിവിടാൻ ശ്രമിച്ചെങ്കിലും സഹായത്തിന് ആരെയും ലഭിച്ചില്ല.

തുടർന്ന്, തനിച്ച് വഴിയിലാകുന്ന യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷ കണക്കിലെടുത്ത് മറ്റ് യാത്രക്കാരുടെ കൂടി സമ്മതത്തോടെ ബസ് തിരികെ ഓടിക്കാൻ ജീവനക്കാർ തീരുമാനിക്കുകയായിരുന്നു.

ഏതാണ്ട് 17 കിലോമീറ്ററോളം ദൂരം തിരികെ സഞ്ചരിച്ചാണ് ബസ് ചങ്കുവെട്ടിയിലെത്തിയത്. അവിടെ ഇവരെ കാത്ത് യുവതിയുടെ സഹോദരൻ നിൽക്കുന്നുണ്ടായിരുന്നു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ബന്ധുക്കൾക്കൊപ്പം ഏൽപ്പിച്ച ശേഷമാണ് ബസ് മാനന്തവാടിയിലേക്ക് യാത്ര തുടർന്നത്.

കെഎസ്ആർടിസി ജീവനക്കാരുടെ ഈ സന്മനസ്സിനെ യാത്രക്കാരും നാട്ടുകാരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. നിശ്ചിത സമയം വൈകുമെന്നറിഞ്ഞിട്ടും ഒരു കുടുംബത്തിന് തുണയാകാൻ തീരുമാനിച്ച ഡ്രൈവറും കണ്ടക്ടറും ആനവണ്ടിയുടെ അഭിമാനമായി മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *