മദീനക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; അപകടം മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ..!
സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കുടുംബനാഥൻ, ഉമ്മ, ഭാര്യ, മകൻ ആണ് മരിച്ചത്. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.
ജലീലിന്റെ മറ്റ് മൂന്ന് മക്കളായ അയിഷ (15), ഹാദിയ (9), നൂറ (7) എന്നിവർ ഗുരുതര പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ജിദ്ദ-മദീന റോഡിലെ വാദി ഫറഹയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാൻ തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു ഏഴംഗ സംഘം.വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ അടുത്തേക്ക് കുടുംബം സന്ദർശന വിസയിൽ എത്തിയതായിരുന്നു.
ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് സൗദിയിലെത്തിയത്.
അപകടവിവരമറിഞ്ഞ് മദീനയിലെ സന്നദ്ധ പ്രവർത്തകരും ബന്ധുക്കളും ആശുപത്രിയിൽ എത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
