NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ: ജില്ലയിൽ 28 കേന്ദ്രങ്ങൾ; രാവിലെ 8-ന് ആരംഭിക്കും..!

 

തദ്ദേശ പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13, ശനിയാഴ്ച) മലപ്പുറം ജില്ലയിലെ 28 കേന്ദ്രങ്ങളിൽ നടക്കും. ജില്ലയിൽ 15 ബ്ലോക്ക് തല കേന്ദ്രങ്ങളിൽ പഞ്ചായത്തുകളിലെ വോട്ടുകളും 12 നഗരസഭാ തല കേന്ദ്രങ്ങളിൽ അതത് നഗരസഭകളിലെ വോട്ടുകളുമാണ് എണ്ണുന്നത്.

കൂടാതെ, ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് എണ്ണും.

വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. ആദ്യം അതത് വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലെ വരണാധികാരികളുടെ ടേബിളിൽ വെച്ച് എണ്ണും.

പോസ്റ്റൽ ബാലറ്റുകൾ പൂർത്തിയാക്കിയ ശേഷം വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

വോട്ടെണ്ണലിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോങ്ങ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക.

സ്ട്രോങ്ങ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർത്ഥികൾ, ഏജൻ്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും.

വാർഡുകളുടെ ക്രമനമ്പർ അനുസരിച്ചായിരിക്കും വോട്ടിങ് മെഷീനുകൾ ഓരോ കൗണ്ടിങ് ടേബിളിലും വെക്കുക.

ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും മെഷീനുകൾ ഒരു ടേബിളിൽ തന്നെയായിരിക്കും എണ്ണുന്നത്.

സ്ഥാനാർത്ഥികളുടെയോ അവർ നിയോഗിക്കുന്ന കൗണ്ടിങ് ഏജൻ്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണൽ നടക്കുക. കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!