13കാരനെ ക്രൂരമായി മർദിച്ച സംഭവം: സഹപാഠിയുടെ പിതാവ് അറസ്റ്റില്‍
കാടാമ്പുഴയിൽ 13കാരനെ ക്രൂരമായി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
നരഹത്യാ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ മാസം 23 നായിരുന്നു 13 കാരന് മർദനമേറ്റത്. മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം. കുട്ടി റോഡിലൂടെ നടന്നുപോകുന്നതിനിടെ സഹപാഠിയുടെ പിതാവ് ബൈക്കിലെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കാലുപിടിച്ച് വലിച്ച് താഴെയിടുകയും ചെയ്തു. മര്‍ദനത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയും ശ്വാസതടസ്സമുള്‍പ്പടെയുള്ളവ അനുഭവപ്പെടുകയും ചെയ്തിരുന്നു.
ബാലാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കുമടക്കം മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
