NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജലജന്യ രോഗങ്ങൾ: ജില്ലയിൽ മരണനിരക്ക് ഉയരുന്നു; മൂന്നാഴ്ചയ്ക്കിടെ എട്ട് മരണം: രോഗക്കിടക്കയില്‍ ജില്ല; ആശങ്കയിൽ ആരോഗ്യവകുപ്പ്..!

സംസ്ഥാനത്ത് ജല-ജന്തുജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുമ്പോഴും മലപ്പുറം ജില്ലയിൽ രോഗികളുടെയും മരണങ്ങളുടെയും എണ്ണം വർദ്ധിക്കുന്നത് ആശങ്കയുയർത്തുന്നു. ഈ മാസം മാത്രം എട്ട് പേരാണ് വിവിധ രോഗങ്ങൾ ബാധിച്ച് ജില്ലയിൽ മരണപ്പെട്ടത്.

​മരണപ്പെട്ടവരിൽ അഞ്ച് പേരും സ്ത്രീകളാണ്. നിറമരുതൂർ തേവർകടപ്പുറത്ത് ഈ മാസം നാലിനും 13നും എലിപ്പനി ബാധിച്ച് രണ്ട് പേർ മരിച്ചു. ഇവർ ഉൾപ്പെടെ അഞ്ച് എലിപ്പനി മരണങ്ങളാണ് ഈ മാസം റിപ്പോർട്ട് ചെയ്തത്.

ചേലേമ്പ്ര, കടുങ്ങാത്തുകുണ്ട്, വെളിയങ്കോട് എന്നിവിടങ്ങളിൽ ഓരോ സ്ത്രീകളും എലിപ്പനി ബാധിച്ച് മരിച്ചു. ഇൻഫ്ലുവൻസ ബാധിച്ച് വട്ടംകുളത്ത് 60 വയസ്സുള്ള ഒരാളും, അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം രോഗം സ്ഥിരീകരിച്ച് പരപ്പനങ്ങാടിയിൽ 55 വയസ്സുള്ള ഒരു സ്ത്രീയും മരണപ്പെട്ടിട്ടുണ്ട്.

*ഒരാഴ്ചയ്ക്കിടെ സർക്കാർ ആശുപത്രികളിൽ മാത്രം 9,528 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 79 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസേന ശരാശരി 1,300 പേർ പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി ചേർത്താൽ ഈ എണ്ണം ഇരട്ടിയാകും.

ഡെങ്കിപ്പനി വ്യാപനത്തിൽ കാര്യമായ കുറവില്ലാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. തിരൂർ, പൊന്മുണ്ടം, മഞ്ചേരി, തൃപ്പനച്ചി, കാളികാവ്, മംഗലശ്ശേരി, മുതുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗവ്യാപനം തടയാൻ പരിസര ശുചീകരണത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നുണ്ടെങ്കിലും തുടർപ്രവർത്തനങ്ങൾ പാതിവഴിയിൽ നിലയ്ക്കുന്നതാണ് രോഗവ്യാപനം കൂടാൻ ഒരു കാരണം.

Leave a Reply

Your email address will not be published. Required fields are marked *