NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘വീടാണ് ജാമ്യമെങ്കിൽ ജപ്തി ചെയ്യരുത്’; നിയമസഭയിൽ മുഖ്യമന്ത്രി, സ്വന്തമായി വീടില്ലാത്തവർക്ക് വീട് വെയ്ക്കാൻ അനുമതി നൽകിയില്ലെങ്കിൽ ക‍ർശന നടപടി

1 min read

വീടാണ് ജാമ്യമെങ്കിൽ അത് ജപ്തി ചെയ്യുന്ന നടപടി സ്വീകരിക്കാൻ പാടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സഹകരണ മേഖല മാതൃക കാണിക്കും. അവിടെ താമസിക്കാനുള്ള അവകാശം അവർക്കുള്ളതാണ്. അവരെ വഴിയാധാരമാക്കുന്ന നില സ്വീകരിക്കാൻ പാടില്ല. കർശനമായി പാലിക്കാൻ സഹകരണ മേഖലയ്ക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാൻ ഡേറ്റാ ബാങ്കിൽപ്പെട്ടാലും നെൽവയൽ- തണ്ണീർത്തട പരിധിയിൽപ്പെട്ടാലും പഞ്ചായത്തോ നഗരസഭയോ അനുമതി നൽകേണ്ടതാണെന്നും നിയമസഭയിൽ മുഖ്യമന്ത്രിപറഞ്ഞു. ഗ്രാമപഞ്ചായത്തിൽ 10 സെൻറും നഗരത്തിൽ അഞ്ച് സെൻറും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടത് ടിഐ മധുസൂധനൻറെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

 

അർഹതപ്പെട്ടവർക്ക് സമയബന്ധിതമായി അനുമതി നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിർമ്മിക്കുവാൻ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കാലതാമസവും തടസവാദങ്ങളും സാധാരണക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് അറിയിച്ച മുഖ്യമന്ത്രി 2016ൽ എൽഡിഎഫ് സർക്കാർ ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി പ്രകാരം ഇതിനകം 4,27,000 പേർക്ക് വീട് വച്ച് നൽകിയെന്നും പറഞ്ഞു.

 

അതേസമയത്ത് സ്വന്തമായി ഭൂമിയുള്ളവർക്ക് അവർ ആഗ്രഹിച്ചപോലെ കേറിക്കിടക്കാനൊരിടം ഉണ്ടാകണമെന്നതും പ്രധാനപ്പെട്ടതാണ്. അതിന് കഴിയാത്തവണ്ണം നെൽവയൽ നികത്തുന്നതിന് തടസമായി നിലനിന്ന 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥയിൽ സർക്കാർ 2018-ൽ ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ‘നിലം’ ഇനത്തിൽപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 10 സെൻറിൽ കവിയാത്ത പക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല.

Leave a Reply

Your email address will not be published.