അടൂരില്‍ ഏഴാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി; ബലമായി മദ്യം നല്‍കി മര്‍ദ്ദിച്ച ശേഷം വിട്ടയച്ചു

പ്രതീകാത്മക ചിത്രം

പത്തനംതിട്ട അടൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടക്കുന്നത്. ഒരു സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം മര്‍ദ്ദിച്ചവശനാക്കി തിരിച്ചയച്ചതായാണ് കുട്ടിയുടെ പിതാവിന്റെ പരാതി.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ ജ്യേഷ്ഠനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് വന്നവരാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. മൂത്ത കുട്ടിയ്ക്ക് മറ്റ് വിദ്യാര്‍ത്ഥികളുമായി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം നിലനിന്നിരുന്ന വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
ഏഴാം ക്ലാസുകാരന്‍ തിരികെ എത്തിയത് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് കുട്ടി വിവരം വീട്ടില്‍ പറഞ്ഞതെന്ന് പിതാവ് പറഞ്ഞു. കുട്ടിയെ രാത്രി തന്നെ ആശുപത്രിയിലെത്തിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കിട്ടാത്തതിനെ തുടര്‍ന്ന് അനുജനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു.
കുട്ടിയുടെയും പിതാവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമെ ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.