പ്രതീക്ഷയറ്റ് വസ്ത്ര വ്യാപാരികൾ… പെരുന്നാൾ വിപണി നഷ്ടപ്പെട്ടാൽ കോടികളുടെ കടക്കെണിയിലേക്ക്….
തിരൂരങ്ങാടി: കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ലോക്ഡൗണിന് സമാനമായ നടപടികൾ ആരംഭിച്ചതോടെ കടകളടക്കേണ്ടി വന്ന വസ്ത്ര വ്യാപാരികൾ ചെന്നെത്തുന്നത് വലിയ കടക്കെണിയിലേക്ക്… ചെറുതും വലുതുമായ വസ്ത്ര വ്യാപാരികളാണ് റംസാൻ, പെരുന്നാൾ വിപണി പ്രതീക്ഷിച്ച് വൻതോതിൽ പണം മുടക്കി സാധനങ്ങൾ സ്റ്റോക്ക് വെച്ചിട്ടുള്ളത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ വസ്ത്ര വ്യാപാരികൾ ഉൾപ്പെടെയുള്ള വ്യാപാരസമൂഹം കടകൾ അടച്ചിടേണ്ടി വന്നതാണ് ഇവരെ ഏറെ പ്രതിസന്ധിയിലാക്കിയത്.
ഒരു വർഷത്തിലധികമായ നഷ്ടക്കണക്കുകൾ മാത്രം കുറിച്ചിട്ട സ്ഥാപനങ്ങൾ ജനജീവിതം ഏതാണ്ട് സാധാരണമാകുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ പെരുന്നാൾ വിൽപന ലക്ഷ്യമിട്ട് വൻതോതിൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്തത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ സീസണുകളിലെ രണ്ട് പെരുന്നാളുകൾ, ഓണം, വിഷു, ക്രിസ്മസ് കച്ചവടം വസ്ത്രവ്യാപാര മേഖലക്ക് നഷ്ടപ്പെട്ടു. വിദ്യാലയങ്ങൾ തുറക്കാതിരുന്നതോടെ യൂനിഫോം അടക്കമുള്ള വസ്ത്രങ്ങളുടെ കച്ചവടം മുടങ്ങി.
ഭീമമായ നഷ്ടത്തിലും സാമ്പത്തിക പ്രതി സന്ധിയിലും കഷ്ടതയനുഭവിച്ച വ്യാപാരികൾ ഇനിയൊരു ലോക് ഡൗണുണ്ടാവില്ലെന്ന നിഗമനത്തിലാണ് പെരുന്നാളിന് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഉൽപന്നങ്ങൾ മാർക്കറ്റിലെത്തിക്കുകയും കൂടുതൽ ഓർഡറുകൾ നൽകുകയും ചെയ്തത്. വസ്ത്രവ്യാപാര രംഗത്തെ സമാന പ്രതിസന്ധിയാണ് ചെരിപ്പ് കടകളുക്കുമുള്ളത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ തുടർന്നും അടച്ചിടേണ്ടി വന്നാൽ വലിയൊരു നഷ്ടത്തിലേക്കാണ് വ്യാപാരികൾ ചെന്നെത്തുകയെന്നും കടക്കെണിയിൽ മുങ്ങി ആത്മഹത്യ ചെയ്യേണ്ട സ്ഥിതി വരുമെന്നുമാണ് വസ്ത്ര വ്യാപാരികൾ പറയുന്നത്.
മേയ് ഒമ്പതിനുശേഷം തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടായാൽ തന്നെ നിർദേശിക്കപ്പെടുന്ന നിർണിത സമയവും മറ്റു ചട്ടങ്ങളും അതിജീവിച്ച് പെരുന്നാളിന് മുമ്പുള്ള നാല് ദിവസത്തെ വ്യാപാരം മാത്രമാണ് നടക്കുക. ആളുകൾ വൻതോതിൽ കൂടുന്ന ചില സ്ഥാപനങ്ങളിൽ പോലും തുറക്കാൻ അനുമതി നൽകുകയും ചിലരെ മാത്രം അടച്ചിടാൻ നിർദ്ദേശിക്കുകയും ചെയ്യുന്ന നടപടി അധികൃതർ പുനഃപരിശോധിക്കണമെന്നും വ്യാപാരികൾ പറഞ്ഞു.
