NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു; പ്രതിഷേധം ശക്തം

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നും വിദ്യാർത്ഥി സംഘടനകൾ സമരം നടത്തി. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ഉണ്ടായി.

 

അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സമരം നടത്തിയ എസ്എഫ്ഐ യെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.
കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ ഉഷാറായി വരട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. അവർ എന്താണ് മനസിലാക്കിയതെന്നറിയില്ലെന്നും തെറ്റിദ്ധാരണയാവാമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം കളക്ടറേറ്റിലേക്കാണ് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മലപ്പുറത്ത് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. ഇക്കഴിഞ്ഞ ദിവസം സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണണം എന്ന ആവശ്യവുമായി എസ്എഫ്ഐ വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചിരുന്നു. മന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നായിരുന്നു എസ്എഫ്ഐയുടെ പ്രഖ്യാപനം.
മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറയുന്നതിനിടെ സമരം ശക്തമാക്കിയിരിക്കുകയാണ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ. സീറ്റ് പ്രതിസന്ധിയിൽ ഇന്നും സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടന്നു. മലപ്പുറത്ത് മേഖലാ ഹയർസെക്കൻഡറി ഉപഡയറക്ട‌റുടെ ഓഫീസ് എംഎസ്എഫ്, കെഎസ്‍യു പ്രവർത്തകർ ഉപരോധിച്ചു.പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. അതിനിടെ മലപ്പുറം ടൗണിൽ ഫ്രട്ടേണിറ്റി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് ആർഡിഡി ഓഫീസിലേക്ക് കെഎസ്‍യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൊല്ലത്തും വയനാട്ടിലും കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!