താനൂരിൽ 3 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്നു കുഴിച്ചുമൂടി; യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു
പ്രതീകാത്മക ചിത്രം
മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ അമ്മ കൊന്ന് കുഴിച്ചുമൂടിയതായി. താനൂർ സി.ഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടുംപുറം സ്വദേശിനി ജുമൈലത്തിനെയാണ് കസ്റ്റഡിയിലെടുത്തത്.
മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.ജുമൈലത്തിന്റെ മൊഴി പ്രകാരം കഴിഞ്ഞ 26-ാം തിയ്യതിയാണ് സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്.
മൂന്ന് മക്കൾക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താൻ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത് പോലീസിന് മൊഴി നൽകിയത്. ഭർത്താവുമായി പിരിഞ്ഞാണ് ഇവർ താമസിക്കുന്നത്.
ഇതേ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകൾകൊണ്ടും പ്രസവം നടന്നതായി മറ്റാരും അറിയാതിരിക്കാനുമായാണ് താൻ കുഞ്ഞിനെ കൊന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്. അതിനാൽ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കണ്ടെത്തിയ ശേഷം വിശദാംശങ്ങൾ പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
