പരിചയമില്ലാത്ത ഡോക്ടർ, അശാസ്ത്രീയ ശസ്ത്രക്രിയ; 23 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ..!
23 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ ചേലാകർമ്മത്തിൽ (സുന്നത്ത് കർമ്മം) ഗുരുതരമായ വീഴ്ച വരുത്തിയ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ 50 ലക്ഷം രൂപയുടെ ചരിത്രപരമായ നഷ്ടപരിഹാര ഉത്തരവിട്ടു.
ആശുപത്രിയുടെ ശുചിത്വമില്ലായ്മയും ഡോക്ടറുടെ പരിചയക്കുറവും മൂലം കുട്ടിക്ക് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മുൻനിർത്തിയാണ് കമ്മീഷന്റെ കർശന നടപടി.
2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊന്നാനി പെരുമ്പടപ്പിലെ ആശുപത്രിയിൽ വെച്ച് നടത്തിയ ചേലാകർമ്മത്തിന് തൊട്ടുപിന്നാലെ അണുബാധയേറ്റ് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ കടുത്ത പഴുപ്പ് ബാധിക്കുകയായിരുന്നു.
തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ തൃശൂർ അമലാ ആശുപത്രിയിലും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിച്ച ശേഷമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത്.
ഭാവിയിൽ കൂടുതൽ ശസ്ത്രക്രിയകൾ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് അന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘവും ആരോഗ്യ വിജിലൻസും വിശദമായ അന്വേഷണം നടത്തിയിരുന്നു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും പെരുമ്പടപ്പിലെ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും, ഉപകരണങ്ങൾ അശാസ്ത്രീയമായാണ് ഉപയോഗിച്ചതെന്നും, ഡോക്ടറുടെ പരിചയക്കുറവാണ് മാരകമായ അണുബാധയ്ക്ക് കാരണമായതെന്നും അന്വേഷണ സംഘം കണ്ടെത്തി.
മുമ്പ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് കുഞ്ഞിന്റെ കുടുംബത്തിന് താൽക്കാലികാശ്വാസമായി രണ്ട് ലക്ഷം രൂപ നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. കുട്ടി അനുഭവിക്കുന്ന മാനസിക-ശാരീരിക ദുരന്തത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും, ഭാവിയിൽ ചെയ്യേണ്ടി വരുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കും ചികിത്സാ ചെലവുകൾക്കുമായി 25 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 50 ലക്ഷം രൂപ പരാതിക്കാർക്ക് നൽകാനാണ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്. ഇതിന് പുറമെ കോടതി ചെലവിലേക്ക് 25,000 രൂപയും നൽകണം.
ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം ഈ തുക പരാതിക്കാരായ മാതാപിതാക്കൾക്ക് കൈമാറണം. നിശ്ചിത സമയത്തിനകം തുക നൽകാതിരുന്നാൽ, കേസ് ഫയൽ ചെയ്ത തീയതി മുതൽ ഒൻപത് ശതമാനം (9\%) പലിശ സഹിതം തുക ഈടാക്കുമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്
