NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി നഗരസഭ ബജറ്റ് : കുടിവെള്ള പദ്ധതിക്ക് മുൻഗണന നിരാശാജനകമെന്ന് ഇടത് കൗൺസിലർമാർ 

പരപ്പനങ്ങാടി : കുടിവെള്ള പദ്ധതിക്കും പി.എം.എ.വൈ – ലൈഫ് പദ്ധതിക്കും ഊന്നൽ നൽകുന്ന പരപ്പനങ്ങാടി നഗരസഭ ബജറ്റ് ഉപാധ്യക്ഷ കെ. ഷഹർബാനു അവതരിപ്പിച്ചു. നഗരസഭയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട്  97,79,86,194/- രൂപ വരവും 93,51,30,600/- രൂപ ചിലവും 4,28,55,594/- രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. അമൃത് പദ്ധതിയിൽ കുടിവെള്ളത്തിനായി 37 കോടിയാണ് വകയിരുത്തിയത്. പി.എം.എ.വൈ – ലൈഫ് പദ്ധതിക്ക് അഞ്ചുകോടി 65 ലക്ഷം രൂപയും പരപ്പനങ്ങാടി നഹാസാഹിബ് സ്റ്റേഡിയം നവീകരണത്തിന് അഞ്ചുകോടിയും വകയിരുത്തിയിട്ടുണ്ട്. കൃഷിക്ക് ഒരുകോടി 35 ലക്ഷം, മാലിന്യ സംസ്കരണത്തിനും ദ്രവ മാലിന്യ പരിപാലനം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് രണ്ടുകോടി 63 ലക്ഷംരൂപയും വകയിരുത്തി. പശ്ചാത്തല മേഖലക്ക് 71,20,000, റോഡ്, നടപ്പാത എന്നിവയുടെ നിർമ്മാണത്തിനും മൈന്റനെൻസിനും രണ്ടുകോടി 90 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയത്. നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
 ബജറ്റ് നിരാശാജനകം ; ഇടത് കൗൺസിലർമാർ 

പരപ്പനങ്ങാടിയിൽ ഭാവനാത്മകമായ പദ്ധതികളൊന്നും ബഡ്ജറ്റിൽ ഇല്ലെന്ന്  എൽ.ഡി.എഫ്. കൗൺസിലർമാർ.

350 ഓളം ഭൂരഹിത ഭവനരഹിതരാണ് ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഏകദേശം 1000 ലധികം ഭൂരഹിതഭവനരഹിതർ നഗരസഭയിലുണ്ട്. ഇവർക്ക് വേണ്ടി നഗരസഭ ബജറ്റിൽ തുകയനുവദിക്കാത്തത് ക്രൂരതയാണ്.

പ്ലസ്ടു സീറ്റിന് വേണ്ടി ബുദ്ധിമുട്ടുന്ന പരപ്പനങ്ങാടിയിൽ നെടുവ ഹൈസ്കൂളിൽ സ്ഥല പരിമിതി കാരണം പ്ലസ്ടു ബാച്ച് അനവദിക്കാൻ കഴിയില്ല.  കൂട്ടികൾക്ക് സ്പോർട്സിന് ഒരു മൈതാനം പോലുമില്ല. സ്കൂളിന്റെ സമീപത്ത് ഒന്നര ഏക്കറോളം സ്ഥലം ഇപ്പോൾ ലഭ്യമാണ്. ചെട്ടിപ്പടി ജി.എൽ.പി. സ്കൂൾ പരിസരത്തും സ്ഥലം ലഭ്യമാണെങ്കിലും ആ സ്ഥലങ്ങൾ അക്വയർ ചെയ്ത് പരപ്പനങ്ങാടിയിലെ വിദ്യാഭ്യാസത്തിന് പശ്ചാത്തല സൗകര്യമൊരുക്കാൻ നഗരസഭ ബജറ്റിൽ തുകയില്ല. ഊർപ്പായിച്ചിറ സംരക്ഷണത്തിനും ബജറ്റിൽ തുക വകയിരുത്തിയിട്ടില്ല.

2024-25 വർഷത്തിൽ പരപ്പനങ്ങാടി ഫിഷിംഗ് ഹാർബറിന്റെ പണി പൂർത്തിയാവും. അതിനോടനുബദ്ധിച്ച് നിരവധി പദ്ധതികൾ നഗരസഭ ആസൂത്രണം ചെയ്യേണ്ടതുണ്ട്.  മത്സ്യമേഖലയെ തീർത്തും ലീഗ് ഭരണ സമിതി അവഗണിച്ചു.

കാർഷികമേഖലയിലും അവഗണനയാണ്. കൃഷിക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ഇത്തവണയും ബജറ്റിൽ തുകയില്ല. കെട്ടുങ്ങൽ പൊതുശ്മശാനത്തിനും പണമില്ല

ഖരമാലിന്യസംസകരണത്തിന് ലോക ബാങ്കിൽ നിന്ന് 11. കോടി 60 ലക്ഷം രൂപ ലഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും  ആ പണം ഇതുവരെ വിനിയോഗിച്ചിട്ടില്ല.
ശരിയായി നികുതി പിരിക്കാനും കണക്ക് നൽകാനോ കഴിയാത്തത് കാരണം കേന്ദ്രധനകാര്യ കമ്മീഷൻ ഫണ്ട് നഷ്ടപെടുത്തി.

വാണിജ്യകെട്ടിട ഉടമകളെ കൊള്ളയടിച്ച് വികസന പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുക എന്ന ലീഗ് ഭരണസമിതിയുടെ കാഴ്ചപ്പാടിന് ഈ ബജറ്റിലും മാറ്റമില്ല.

പടിഞ്ഞാറ് ഭാഗത്ത് കടലും തെക്കും കിഴക്കുംപുഴകളും അതിരിടുന്നതും  ടൂറിസത്തിന് ഏറെ സാധ്യതയുമുള്ള കെട്ടുങ്ങൽ ബീച്ച്, കീരനല്ലൂർ ന്യൂകട്ട്, കല്പുഴ തടാകവും അടങ്ങിയ പ്രകൃതിരമണീയമായ പരപ്പനങ്ങാടിയിൽ പദ്ധതികൾ നടപ്പിലാക്കി ബദൽനികുതി മാർഗ്ഗങ്ങൾ കണ്ടെത്തി വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു നിർദ്ദേശവും പദ്ധതിയും ബജറ്റിൽ ഇല്ലെന്നും   എൽ.ഡി.എഫ്. കൗൺസിലർമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!