തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്യുന്നു
തിരൂരങ്ങാടിയിൽ സർക്കാർ ഓഫീസിൽ വ്യാജ ഉദ്യോഗസ്ഥൻ. തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിലാണ് സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്യുന്നത്. ഇയാൾ സ്ഥിരമായെത്തി ഓഫീസിലെ കമ്പ്യൂട്ടർ ഉപയോഗിച്ച് ജോലി ചെയ്യുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സ്വകാര്യ ചാനൽ പുറത്തുവിട്ടു.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കും ഒപ്പമിരുന്നാണ് ഇയാൾ ജോലി ചെയ്യുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് താനൂർ സ്വദേശിയായ ഇയാൾ ജോലി ചെയ്യുന്നതെന്നാണ് വിവരം. ആർ.ടി.ഒമാരുടെ കമ്പ്യൂട്ടറും പാസ് വേർഡുമാണ് ഇയാൾ ഉപയോഗിക്കുന്നത്.
ഏജന്റുമാരും ഉദ്യോഗസ്ഥൻമാരും ചേർന്നാണ് ഇയാൾക്ക് ശമ്പളം നൽകുന്നത്. സംഭവത്തിൽ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായും അന്വേഷണം നടക്കുകയാണെന്നും പുതുതായി ചാർജ്ടുത്ത ആർ.ടി.ഒ. പറഞ്ഞു.
