വല നിറയെ മത്തി, കോര, അയല, ചെമ്മീൻ.. കോരയ്ക്ക് വിലയിടിഞ്ഞു, കിലോയ്ക്ക് 40 രൂപയിലും താഴെ
തിരൂർ ഇന്നലെ കടലിൽ പോയ മിക്കവർക്കും വള്ളവും വലയും നിറയെ മത്തി ലഭിച്ചു. കൂട്ടായിയിലെ വാദി റഹ്മ ബോട്ടിൽ പോയവർ അതിരാവിലെ കോള് കണ്ടു വലയെറിഞ്ഞു. പിന്നെ ഉച്ചയ്ക്കും വൈകിട്ടും ഇത് ആവർത്തിച്ചു. ഓരോ തവണ വല വലിച്ചു കയറ്റിയപ്പോഴും നിറയെ മത്തി. ഇതുതന്നെയാണു ബാക്കി ബോട്ടുകാർക്കെല്ലാമുണ്ടായ അനുഭവം. അയലയും കിളിമീനും ചെമ്മീനുമെല്ലാം ഇഷ്ടംപോലെ ലഭിച്ചവരുണ്ട്. ഹാർബറുകളിലും തീരങ്ങളിലും മീൻ ഇറക്കി വിൽപന നടത്തി പിറ്റേന്നു പുലരാറായപ്പോഴാണു തൊഴിലാളികളിൽ പലരും വീടുകളിലേക്കു മടങ്ങിയത്.
ട്രോളിങ് നിരോധനമുണ്ടായിരുന്ന പഞ്ഞകാലത്തു ജീവിക്കാൻ കടം വാങ്ങിയതു തിരിച്ചുകൊടുക്കാനുള്ള വഴിയാണു പലർക്കും ചാകരയിലൂടെ തെളിഞ്ഞത്. ഇനിയുള്ള ദിവസവും ചാകര കിട്ടിയാൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഇവർക്കാകും. 4 ദിവസം മുൻപാണു ട്രോളിങ് നിരോധനം കഴിഞ്ഞു മത്സ്യത്തൊഴിലാളികൾ കടലിലേക്കു തിരിച്ചിറങ്ങിയത്.
ആദ്യ ദിവസം തൊട്ടു ബോട്ട് നിറയെ മീനുമായി ഇവർ എത്തിത്തുടങ്ങിയതോടെ മീൻ വിലയും കുറഞ്ഞു തുടങ്ങി.260 രൂപ വരെ വില ഉയർന്നിരുന്ന മത്തിക്ക് ഇന്നലെ 140 വരെയാണു വിപണിയിൽ വിലയുണ്ടായിരുന്നത്. ശരാശരി വലിപ്പമുള്ള അയലയ്ക്ക് 100 രൂപയാണു വില. നത്തോലി ഒന്നര കിലോ 100, കുഞ്ഞൻ മത്തി ഒന്നര കിലോ 100, കിളിമീൻ 160 രൂപ എന്നിങ്ങനെയാണു മറ്റു മീനുകളുടെ വില.
കോരയ്ക്ക് വിലയിടിഞ്ഞു
പൊന്നാനി • കോര മത്സ്യം കുമിഞ്ഞുകൂടിയതോടെ ഒറ്റ ദിവസം കൊണ്ടു വില കൂപ്പുകുത്തി. ഒരു കൊട്ട 2600 രൂപയിൽ തുടങ്ങി 1200 രൂപയിലേക്കു താഴ്ന്നു. കിലോയ്ക്ക് 40 രൂപയിലും താഴെയായിരുന്നു വിൽപന. ട്രോളിങ് നിരോധനം കഴിഞ്ഞു മീൻപിടിത്തത്തിനിറങ്ങിയ മുഴുവൻ ബോട്ടുകാർക്കും കോരയാണു കിട്ടിയത്. ചിലർക്ക് അമൂറും കിട്ടിയിട്ടുണ്ട്. ഇതിനും വിലയിടിഞ്ഞു. 1500 രൂപയാണു കൊട്ടയ്ക്കു വില.
