ഇന്റർ മയാമി അരങ്ങേറ്റത്തിന് മെസ്സി ; ലീഗ്സ് കപ്പിന് ഇന്ന് തുടക്കം
മയാമി: അമേരിക്കൻ ക്ലബായ ഇൻ്റർ മയാമിയിൽ അരങ്ങേറാൻ അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസി. ലീഗ്സ് കപ്പിലെ ആദ്യ മത്സരത്തിൽ മെക്സിക്കൻ ക്ലബായ ക്രൂസ് അസൂലാണ് ഇൻ്റർ മയാമിയുടെ എതിരാളികൾ. മത്സരം അമേരിക്കൻ സമയം ഇന്ന് വൈകുന്നേരം എട്ട് മണിക്കാണ് (ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30) മത്സരം. മത്സരത്തിൻ്റെ തത്സമയ സംപ്രേക്ഷണം ആപ്പിള് ടിവിയിൽ കാണാൻ കഴിയും.
യൂറോപ്യൻ ഫുട്ബോളിൽ നിന്ന് വ്യത്യസ്തമാണ് എംഎൽഎസ് ഘടനയും അമേരിക്കൻ സാഹചര്യങ്ങളും. യൂറോപ്പിലും ലാറ്റിനമേരിക്കയിലുമായി ഫുട്ബോളിൽ എല്ലാം നേട്ടങ്ങളും മെസി സ്വന്തമാക്കി. എന്നാൽ അമേരിക്കയിൽ പുതിയ പരീക്ഷണങ്ങളാണ് മെസിക്ക് നേരിടേണ്ടി വരിക. ഹോം ആൻ്റ് എവേ രീതിയിൽ മത്സരങ്ങൾ കളിച്ച് ടൂർണ്ണമെന്റിൽ കൂടുതൽ പോയിൻ്റ് നേടുന്ന ടീമാണ് യൂറോപ്പ്യൻ ലീഗുകളിൽ ചാമ്പ്യന്മരാകുക. മേജർ ലീഗ് സോക്കറിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. മേജർ ലീഗ് സോക്കറിലെ 29 ടീമുകൾ ഈസ്റ്റ് വെസ്റ്റ് എന്നിങ്ങനെ രണ്ട് കോൺഫറൻസുകളായി മാറും. ഹോം ആൻ്റ് എവേ രീതിയിൽ ഒരു ടീമിന് 34 മത്സരങ്ങൾ. 18 ടീമുകൾ പ്ലേ ഓഫിലേക്ക്. ഇതിൽ ജയിക്കുന്നവരാണ് ജേതാക്കളാകുന്നത്.
മേജർ ലീഗ് സോക്കറിലല്ല, ലീഗ്സ് കപ്പിലാണ് മെസി ഇൻ്റർ മയാമി അരങ്ങേറ്റത്തിനൊരുങ്ങുന്നത്. മേജർ ലീഗിലെ 29 ക്ലബുകളും ലീഗ എംഎക്സിലെ 18 ക്ലബുകളുമാണ് ലീഗ്സ് ക്ലബിൽ മത്സരിക്കുക. ലീഗ എംഎക്സ് മെക്സിക്കൻ ഫുട്ബോൾ ലീഗാണ്. ലീഗ്സ് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിന് രണ്ട് മത്സരങ്ങൾ ലഭിക്കും. മൂന്ന് ടീമുകളാണ് ഗ്രൂപ്പിൽ ഉള്ളത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ റൗണ്ട് 32 ന് യോഗ്യത നേടും. റൗണ്ട് 32 മുതൽ നോക്കൗട്ട് രീതിയിലാണ് ലീഗ്സ് കപ്പിന്റെ ഘടന.
