NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തലസ്ഥാനത്ത് ഗതാഗതം തിരിച്ചുവിടും; ഒരു ലക്ഷം പേർ പങ്കെടുക്കുന്ന രാജ്ഭവൻ മാർച്ചിൽ നഗരം സ്തംഭിക്കും; ഗവർണർ ഉത്തരേന്ത്യയിൽ

ഗവർണർക്കെതിരേ ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ച് ഇന്ന്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന മാർച്ചിൽ ഡിഎംകെ നേതാവ് തിരുച്ചി ശിവയും പങ്കെടുക്കും. ഗവർണർമാർക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന യോജിച്ച പ്രക്ഷോഭങ്ങളുടെ തുടക്കമായി രാജ്ഭവൻ മാർച്ച് മാറും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ത ലസ്ഥാനത്ത് ഇല്ലെങ്കിലും കനത്ത സുരക്ഷയാണ് രാജ്ഭവന് ഒരുക്കിയിട്ടുള്ളത്.

നേതൃത്വം ഇടതുമുന്നണിക്ക് എങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജ്ഭവൻ മാർച്ച്. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ.

കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണത്തിനുള്ള ഗവർണറുടെ നീക്കങ്ങൾ തടയേണ്ടത് കേരളത്തിൻറെ പൊതു ആവശ്യമെന്നാണ് ഇടതുമുന്നണിയുടെ പ്രചാരണം. അതുകൊണ്ടാണ് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സമരം. ഒരുലക്ഷം പേർ സമരത്തിൽ പങ്കെടുക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നത്. രാജ്ഭവൻ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. എൽഡിഎഫിന്റെ സംസ്ഥാന നേതാക്കൾ സമരത്തിന് നേതൃത്വം നൽകും. രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും. ഉച്ചവരെയാണ് സമരം.

കവടിയാർ, മ്യൂസിയം, വഴുതക്കാട് റോഡുകളിൽ പ്രവർത്തകർ കേന്ദ്രീകരിക്കും. സമരത്തിന് മുമ്പ് തന്നെ രാജ്ഭവനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

രാജ്ഭവൻ മാർച്ചിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *