അട്ടപ്പാടിയിലെ ആള്‍ക്കൂട്ട മര്‍ദനം; കണ്ണൂര്‍ സ്വദേശിയും മരിച്ചു
പ്രതീകാത്മക ചിത്രം
പാലക്കാട് | അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയും മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിനായകനാണ് മരിച്ചത്. ഇയാളുടെ ഒപ്പം മര്‍ദനമേറ്റ സുഹൃത്ത് നന്ദകിഷോര്‍ നേരത്തെ മരിച്ചുരുന്നു.
കേസില്‍ ഇതുവരെ പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.
എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല. ഇതാണ് തര്‍ക്കത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. വടികളും ഇരുമ്പും പൈപ്പും ഉപയോഗിച്ചാണ് യുവാക്കളെ മര്‍ദിച്ചത്.
