വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പ്; അരി പരിശോധിച്ചത് രൂക്ഷ ഗന്ധം മൂലം
വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയെന്ന് പരാതി. മാനന്തവാടി മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെന്നാണ് ആരോപണം. കോളനിക്ക് അടുത്തുള്ളത് തിടങ്ങഴി റേഷൻ കടയിൽ നിന്നും ആണ് കഴിഞ്ഞ ആഴ്ച വാങ്ങിയ അരിയിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടപ്പോഴാണ് ചത്ത പാമ്പിനെ കണ്ടെത്തിയതെന്ന് ഇവർ പറയുന്നു.
50 കിലോ അരിയാണ് രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. ഇതിൽ ഒന്നലാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് റേഷൻ ഇൻസ്പെക്ടർ വീട്ടിലെത്തി പരിശോധന നടത്തി. തിടങ്ങഴി റേഷൻ കടയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും സിവിൽ സപ്ലൈസ് വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
