NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ ഒരുങ്ങി സർക്കാർ; നാല് വർഷത്തിനകം എല്ലാ എൽപി, യുപി സ്കൂളുകളിലും പുതിയ പദ്ധതി

പ്രതീകാത്മക ചിത്രം

സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ അമിതഭാരം കുറയ്ക്കാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ആരോഗ്യവും ആയാസരഹിതമായ പഠനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി.

 

അടുത്ത അധ്യയന വർഷം തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യഘട്ടം നടപ്പാക്കും. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്കൂൾ പിടിഎ, എസ്എംസി എന്നിവയുടെ സഹകരണത്തോടെയാകും പദ്ധതി മുന്നോട്ടുകൊണ്ടുപോകുക. അടിസ്ഥാന സൗകര്യങ്ങളും സ്കൂൾ അധികൃതരുടെ താൽപര്യവും പരിഗണിച്ചായിരിക്കും വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുക. നാല് വർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ എൽപി, യുപി സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.

 

സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തുക, കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽത്തന്നെ ലഭ്യമാക്കുക, ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിൽ സമയക്രമം പുനഃക്രമീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. പാഠപുസ്തകങ്ങളുടെ രണ്ട് സെറ്റുകൾ ലഭ്യമാക്കി ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്.

 

ഡിജിറ്റൽ പഠനസൗകര്യങ്ങൾ വിപുലീകരിച്ച് സ്മാർട്ട് ബോർഡുകളിലൂടെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം ക്ലാസ് മുറികളിൽ ലഭ്യമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. പ്ലസ് ടു തലം വരെയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണവും നൽകും.

 

പദ്ധതിയുടെ പ്രായോഗികതയും നടപ്പാക്കൽ സാധ്യതകളും വിലയിരുത്തുന്നതിനായി എസ്‌സിഇആർടി, കൈറ്റ്, ഡിജിഇ, എസ്എസ്കെ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ ഉൾപ്പെടുന്ന സംയുക്ത സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കുട്ടികളുടെ ശാരീരികമായ ചുമടിനൊപ്പം പഠനഭാരവും കുറച്ച് കൂടുതൽ സൗഹൃദപരമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!