‘നേതൃത്വം ആവശ്യപ്പെട്ടു, ഞാൻ രാജിവെച്ചു’ ഒരു വർഷം തികച്ചില്ല, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ രാജിവെച്ചു
ഒരു പ്രതിപക്ഷാംഗംപോലുമില്ലാതെ യു.ഡി.എഫ്. ഭരിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർകോയ തങ്ങൾ പദവി രാജിവെച്ചു. കാലാവധി ഒരു വർഷം തികയുന്നതിന് തൊട്ടുമുൻപാണ് അപ്രതീക്ഷിതമായ ഈ രാജി. മുൻപ് യു.ഡി.എഫ്. ഐകകണ്ഠേനയാണ് അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ഊരകം പഞ്ചായത്തിൽ മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ജനപ്രിയ നേതാവാണ് കെ.കെ. മൻസൂർകോയ തങ്ങൾ. കഴിഞ്ഞ അഞ്ചുവർഷം ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി മികച്ച ഭരണം കാഴ്ചവെച്ച അനുഭവസമ്പത്താണ് അദ്ദേഹത്തെ ബ്ലോക്ക് പഞ്ചായത്ത് അമരത്തെത്തിച്ചത്.
എന്നാൽ വിവാദങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ, ഇത്ര പെട്ടെന്നുള്ള രാജിക്ക് പിന്നിലെ കാരണം വ്യക്തമാക്കാൻ ലീഗ് നേതൃത്വം തയ്യാറാകാത്തതിൽ സാധാരണ പ്രവർത്തകർക്കിടയിൽ അമർഷവും മുറുമുറുപ്പും ശക്തമാണ്.
അതേസമയം, രാജിക്ക് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് രാജിവെച്ചതെന്നും മൻസൂർകോയ തങ്ങൾ പ്രതികരിച്ചു. പാർട്ടിയുടെ തീരുമാനങ്ങൾക്ക് വിധേയനായി പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകനാണ് താനെന്നും അദ്ദേഹം.
എന്നാൽ രാജി വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. പ്രസിഡന്റിന്റെ രാജി ലീഗിന്റെ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് സഖ്യകക്ഷിയായ കോൺഗ്രസ്. അടിയന്തര മാറ്റത്തിന് പിന്നിലെ കാരണവും അടുത്ത പ്രസിഡന്റ് ആരാകുമെന്നതും പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
