25 കോടിയല്ല, ഇത്തവണ 30 കോടി ! ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ
ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാനത്തുക ഉയർത്തി സർക്കാർ. 25 കോടിയായിരുന്ന സമ്മാനത്തുകയാണ് ഇത്തവണ 30 കോടിയാക്കിയത്. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കിയും സമ്മാനഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ. എസ് അറിയിച്ചു.
ഓണം ബംബറിന്റെ ടിക്കറ്റ് വില 500 രൂപയാണ് (ടിക്കറ്റ് നിരക്ക് 357.14 രൂപ +40 ശതമാനം ജിഎസ്ടി). 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചായിരിക്കും ടിക്കറ്റ് പ്രിന്റ് ചെയ്യുക. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരീസുകളിൽ ടിക്കറ്റുകൾ പുറത്തിറക്കും. ഓണം ബംബറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 26ന് തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ച് നടക്കും.
ഒന്നാം സമ്മാനം: 30 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)
നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നു വീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്
എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്
ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്
സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്
ആകെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ
കേരള ലോട്ടറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്നും ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
