NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തവനൂരിൽ പുതിയ പാസ്‌പോർട്ട് സേവാ കേന്ദ്രം; ഇന്ന് മുതൽ സേവനം ലഭ്യമാകും; ദിവസവും 50 പേർക്ക് ടോക്കൺ; ഘട്ടങ്ങളായി 150 ആയി ഉയർത്തും..!

 

മലപ്പുറം ജില്ലയിലെ പാസ്‌പോർട്ട് അപേക്ഷകരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തവനൂരിൽ പുതിയ പാസ്‌പോർട്ട് സേവാ കേന്ദ്രം ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നു. തുടക്കത്തിൽ ദിവസേന 50 പേർക്ക് വീതമായിരിക്കും ഇവിടെ നിന്നും സേവനം ലഭ്യമാവുക. വരും ദിവസങ്ങളിൽ ഇത് ഘട്ടങ്ങളായി ഉയർത്തി പ്രതിദിനം 150 പേർക്ക് വരെ സേവനം നൽകാൻ സാധിക്കുന്ന തരത്തിലേക്ക് കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലീകരിക്കും.

മലബാർ മേഖലയിൽ പാസ്‌പോർട്ട് അപ്പോയിന്റ്‌മെന്റുകൾ ലഭിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള കടുത്ത കാലതാമസം അബ്ദുസമദ് സമദാനി എം.പി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, അടിയന്തര നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിന് കർശന നിർദ്ദേശം നൽകുകയായിരുന്നു.

 

നിലവിലുള്ള കടുത്ത തിരക്ക് പരിഹരിക്കുന്നതിനായി കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിൽ പ്രത്യേക സ്പെഷ്യൽ കൗണ്ടറുകൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തിരമായി പാസ്‌പോർട്ട് ലഭിക്കേണ്ടവർക്ക് വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ഈ കൗണ്ടറുകളിലെ സേവനം പ്രയോജനപ്പെടുത്താം.*

 

ഇതിന് പുറമെ, അപേക്ഷകളുടെ ബാക്ക്ലോഗ് തീർക്കുന്നതിനായി അടുത്ത ശനിയാഴ്ച മലബാറിലെ എല്ലാ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളും അവധി ഒഴിവാക്കി സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും അധികൃതർ.

തവനൂരിൽ ഇന്ന് പ്രവർത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രം മലപ്പുറം ജില്ലയിലെ വിപുലമായൊരു പ്രദേശത്തെ ജനങ്ങൾക്കും, പ്രത്യേകിച്ച് വിദേശത്തേക്ക് ജോലി തേടിപ്പോകുന്ന ഉദ്യോഗാർത്ഥികളായ യുവാക്കൾക്കും വലിയ തോതിൽ ആശ്വാസകരമായി മാറും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!