NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഒരു ഗ്രാമം നിറയെ ആഫ്രിക്കൻ ഒച്ചുകളുടെ പടയോട്ടം; രണ്ട് ചാക്കിലധികം ഒച്ചുകളെ പിടികൂടി; ഉപ്പുവിതറി ജനകീയ പ്രതിരോധം..!

പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് ഭാഗത്ത് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം അതിരൂക്ഷമാകുന്നു. പ്രദേശത്തെ മതിൽക്കെട്ടുകൾ, പൊതുവഴികൾ, വീടുകളുടെ ചുവരുകൾ, കിണറുകൾ, കാർഷിക വിളകൾ നിറഞ്ഞ മരങ്ങൾ എന്നിവയിലെല്ലാം ഒച്ചുകൾ കൂട്ടത്തോടെ താവളമാക്കിയിരിക്കുകയാണ്.

 

ഒച്ചിന്റെ സാന്നിധ്യം കാരണം വീട്ടുപറമ്പിലിറങ്ങാനോ നിത്യജീവിതത്തിലെ ആവശ്യങ്ങൾ നിർവ്വഹിക്കാനോ കഴിയാത്ത അവസ്ഥയിൽ പ്രദേശവാസികളുടെ സ്വൈരജീവിതം പൂർണ്ണമായും തകർന്നിരിക്കുകയാണ്.

 

പെരുവക്കാട് സ്വദേശി സി.ടി. കുഞ്ഞാപ്പുവിന്റെ വീട്ടുവളപ്പിലാണ് മാസങ്ങൾക്ക് മുൻപ് ആദ്യമായി ഈ മാരക ഒച്ചുകളെ കണ്ടെത്തിയത്. എന്നാൽ അടിയന്തര പ്രതിരോധ നടപടികൾ ഇല്ലാതിരുന്നതോടെ ഇവ പെറ്റുപെരുകി സമീപത്തെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.

വേനൽമഴ കനത്തതോടെ ഇവയുടെ പ്രജനനം ഇരട്ടിയായിട്ടുണ്ട്. കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിന് വലിയ ഭീഷണിയായ ഇവ കാർഷിക വിളകൾ തിന്നുതീർക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഒച്ചിന്റെ ശല്യത്തിൽ പൊറുതിമുട്ടിയതോടെ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് അടിയന്തര ജനകീയ സമിതി രൂപീകരിച്ചു. തുടർന്ന് സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പ്രദേശത്താകെ വിപുലമായ ഒച്ചുനിർമ്മാർജ്ജന യജ്ഞം നടത്തി. വീടുകളുടെ പരിസരത്തുനിന്നും വഴിയോരങ്ങളിൽ നിന്നും രണ്ട് ചാക്കിലധികം വലിയ ആഫ്രിക്കൻ ഒച്ചുകളെയാണ് സമിതി പ്രവർത്തകർ പിടികൂടിയത്.

ശേഖരിച്ച ഒച്ചുകളെ വലിയ കുഴികളിലിട്ട് ഉപ്പും ബ്ലീച്ചിംഗ് പൗഡറും വിതറി ശാസ്ത്രീയമായി നശിപ്പിച്ചു. എന്നാൽ, പറമ്പുകളിൽ കോടിക്കണക്കിന് ഒച്ചിൻ മുട്ടകൾ ഇനിയും അവശേഷിക്കുന്നതിനാൽ വനംവകുപ്പും കൃഷി വകുപ്പും ആരോഗ്യ വിഭാഗവും സംയുക്തമായി ഇടപെട്ട് ശാശ്വതമായ മരുന്ന് തളിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പെരുവക്കാട് നിവാസികളുടെ ശക്തമായ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!