NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്ക് സ്വത്തുക്കളിൽ അവകാശമുണ്ടാകില്ല,  ട്രൈബ്യൂണലുകൾക്ക് അധികാരമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വയസ്സുകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കാതെ ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വത്തുക്കൾ തിരിച്ചെടുക്കാനും അവരെ സ്വന്തം വീടുകളിൽ നിന്ന് ഒഴിപ്പിക്കാനും വയോജന ട്രൈബ്യൂണലുകൾക്ക് പൂർണ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാൻ ട്രൈബ്യൂണലുകൾക്ക് ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കാമെന്നാണ് അത്യുന്നത നീതിപീഠത്തിന്റെ സുപ്രധാന ഉത്തരവ്.

 

81 വയസ്സുള്ള അമ്മയെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ട് വൃദ്ധസദനത്തിൽ കഴിയാൻ നിർബന്ധിതനാക്കിയ മകനെ ഒഴിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. ഒരു സമൂഹത്തിന്റെ നിലവാരം അളക്കപ്പെടുന്നത് അത് പ്രായമായവരോട് പുലർത്തുന്ന ആദരവിലൂടെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ വെറും ആശ്രിതർ മാത്രമല്ല, മറിച്ച് കുടുംബത്തിന്റെയും സമൂഹത്തിന്റെയും വലിയ അനുഭവസമ്പത്താണ്. ജീവിതത്തിന്റെ അവസാനകാലം വരെ അന്തസ്സോടെ ജീവിക്കാൻ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്നുണ്ടെന്നും മാതാപിതാക്കളെ ദൈവതുല്യരായി കാണുന്ന രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് ഈ വിധി പ്രതിഫലിപ്പിക്കുന്നതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

 

2007-ലെ ‘മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട്’ പ്രകാരമാണ് ഈ ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നത്. സിവിൽ കോടതികളുടെ അധികാരത്തോടെ അന്വേഷണങ്ങൾ നടത്താനും വയോജനങ്ങളുടെ സംരക്ഷണം മുൻനിർത്തി ആവശ്യമായ തീരുമാനം കൈക്കൊള്ളാനും ട്രൈബ്യൂണലുകൾക്ക് നിയമപരമായ അവകാശമുണ്ട്.

 

കേസിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റും ജില്ലാ മജിസ്ട്രേറ്റും മകനെതിരെ ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിരുന്നെങ്കിലും അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കുകയാണുണ്ടായത്. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കളഞ്ഞ സുപ്രീം കോടതി, മാതാപിതാക്കൾക്ക് അനുകൂലമായ ഒഴിപ്പിക്കൽ ഉത്തരവുകൾ പുനഃസ്ഥാപിച്ച് ഉത്തരവിടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!