വിദ്യാലയങ്ങളും ക്ലബുകളും ആഘോഷത്തിലേക്ക്; ഓണപ്പൂക്കള മൊരുക്കാൻ പൂക്കളുടെ പ്രവാഹം: അന്യ സംസ്ഥാനങ്ങളിൽ നിന്ന് മലപ്പുറത്തേക്ക് പൂക്കളെത്തി ത്തുടങ്ങി..!
നാടും നഗരവും ഓണാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ മലപ്പുറം ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് സജീവമായി. കോയമ്പത്തൂർ, ബംഗളൂരു, മൈസൂരു, ഗുണ്ടൽപേട്ട എന്നിവിടങ്ങളിൽ നിന്നാണ് വിവിധ വർണ്ണങ്ങളിലും തരങ്ങളിലുമുള്ള പൂക്കൾ വിപണി കീഴടക്കാൻ എത്തുന്നത്.
കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപേ തന്നെ അയൽസംസ്ഥാനങ്ങളിൽ വൻതോതിൽ പൂകൃഷി ആരംഭിച്ചിരുന്നു.
വിവിധ ഇനം ജമന്തികൾ, ചെണ്ടുമല്ലി, വാടാമല്ലി, റോസാപ്പൂക്കൾ, അരളി, ചില്ലി റോസ്, സൗക്ക (പച്ച ഇല), ആസ്ട്ര തുടങ്ങിയവയാണ് പ്രധാനമായും വിപണിയിലെത്തുന്നത്.
മലപ്പുറം ജില്ലയിലേക്ക് ട്രെയിൻ മാർഗ്ഗം പുലർച്ചെ മൂന്നുമണിയോടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ വലിയ അളവിൽ പൂക്കളുടെ സ്റ്റോക്ക് എത്തുമ്പോൾ, ഗുണ്ടൽപേട്ട, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗ്ഗവും ലോഡ് കണക്കിന് പൂക്കൾ എത്തുന്നുണ്ട്.
നിലവിൽ പൂക്കൾക്ക് മിതമായ വിലയാണെങ്കിലും വിദ്യാലയങ്ങൾ, ഓഫീസുകൾ, ക്ലബുകൾ എന്നിവ കേന്ദ്രീകരിച്ച് പൂക്കളമത്സരങ്ങളും ആഘോഷങ്ങളും ആരംഭിക്കുന്നതോടെ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
അതേസമയം, മലപ്പുറം ജില്ലയിലെ വിവിധ ക്ഷേത്രപ്പറമ്പുകളിലും പ്രാദേശികമായും നടത്തിയിരുന്ന ജമന്തി കൃഷിക്ക് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ വൻ തിരിച്ചടിയായി മാറി. പ്രാദേശിക ഉൽപ്പാദനം കുറഞ്ഞതോടെ ഇത്തവണയും അന്യസംസ്ഥാന പൂക്കളെ തന്നെയായിരിക്കും ജില്ല പൂർണ്ണമായും ആശ്രയിക്കുക.
