NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോൾ മലപ്പുറത്ത് 25,000 പേർ പുറത്ത്; പ്രതിസന്ധി തീർക്കാൻ 120 അധിക ബാച്ചുകൾ വരുന്നു..!

പ്രതീകാത്മക ചിത്രം

മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോഴും കനത്ത സീറ്റ് പ്രതിസന്ധി തുടരുന്നു. സർക്കാർ-എയ്ഡഡ് സ്കൂളുകളിലായി മൂന്നാം ഘട്ടത്തിലും പ്രവേശനം നേടാനാകാതെ 25,084 വിദ്യാർത്ഥികളാണ് നിലവിൽ പുറത്തുനിൽക്കുന്നത്.

 

പുതുതായി മൂന്നാം അലോട്ട്‌മെന്റിൽ 18,987 പേർ പ്രവേശനം നേടി. ഇതോടെ ജില്ലയിൽ ഇതുവരെ ആകെ പ്രവേശനം നേടിയവരുടെ എണ്ണം 57,669 ആയി ഉയർന്നു. ഇനി കേവലം 71 സീറ്റുകൾ മാത്രമാണ് ജില്ലയിൽ ആകെ അവശേഷിക്കുന്നത്.

13,783 പേർക്കാണ് ഈ ഘട്ടത്തിൽ ഹയർ ഓപ്ഷൻ ലഭിച്ചത്. മറ്റ് ജില്ലകളിൽ നിന്നുള്ള 8,213 പേർ ഉൾപ്പെടെ ആകെ 82,753 അപേക്ഷകരുള്ള മലപ്പുറത്ത് നിലവിൽ 57,428 സീറ്റുകൾ മാത്രമാണുള്ളത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ 11 മണി മുതൽ ജൂലൈ മൂന്നിന് വൈകീട്ട് അഞ്ച് മണി വരെ അതത് സ്കൂളുകളിൽ പ്രവേശനം നേടാവുന്നതാണ്.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും, തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലോ അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടാത്തവർക്കും ഇനി വരാനിരിക്കുന്ന സപ്ലിമെന്ററി ഘട്ടത്തിൽ പുതിയതായി അപേക്ഷിക്കാം.

മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക്, സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾ നോക്കി അപേക്ഷ പുതുക്കി നൽകാനും അവസരമുണ്ട്. വിവിധ വിഭാഗങ്ങളിലെ സീറ്റ് നില പരിശോധിച്ചാൽ, എസ്.സി വിഭാഗത്തിലെ 3,660 സീറ്റുകളിൽ 3,654 പേരും പ്രവേശനം നേടി (ആറ് സീറ്റുകൾ ഒഴിവ്).

 

എസ്.ടി വിഭാഗത്തിലെ 161 സീറ്റുകളിലും മുഴുവൻ പേരും പ്രവേശനം ഉറപ്പാക്കി. സ്പോർട്സ് ക്വാട്ടയിലെ 1,407 സീറ്റുകളിൽ 1,095 പേർ പ്രവേശനം നേടിയപ്പോൾ 312 സീറ്റുകൾ ബാക്കിയുണ്ട്.

അതേസമയം, മലബാറിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി പുതിയ അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ ധാരണയായിട്ടുണ്ട്. സീറ്റുകൾ ഏറ്റവും കുറവുള്ള മലപ്പുറം, പാലക്കാട് ജില്ലകളിലേക്കായി 120 പുതിയ ബാച്ചുകൾ കൂടി അനുവദിക്കാനാണ് തീരുമാനം.

 

ഇത് സംബന്ധിച്ച കാബിനറ്റ് നോട്ട് തയ്യാറാക്കുന്നതിനുള്ള നടപടികൾ ഉന്നതതലത്തിൽ ആരംഭിച്ചതായും, വരാനിരിക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്ത് അന്തിമ അനുമതി നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!