കോഴിക്കോട് മലേറിയ സ്ഥിരീകരിച്ചു: ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയാം
കോഴിക്കോട് : നിപ, ഷിഗെല്ല ബാധകൾക്കിടെ കോഴിക്കോട്ട് മലേറിയ സ്ഥിരീകരിച്ചു. തിക്കോടിയിൽ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് രോഗബാധിതൻ. രോഗത്തിന്റെ ഉറവിടം മധ്യപ്രദേശ് ആണെന്ന നിഗമനത്തിലാണ് നിലവിൽ ആരോഗ്യപ്രവർത്തകർ.
ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് ഇയാൾ ജോലി അന്വേഷിച്ച് തിക്കോടിയിലെത്തിയത്. രോഗപ്രതിരോധം ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
മലേറിയക്കെതിരെ കരുതൽവേണം
കൊതുകിലൂടെ മനുഷ്യശരീരത്തിലേക്കെത്തുന്ന പരാദം വഴിയാണ് മലേറിയ ഉണ്ടാകുന്നത്. കടുത്ത പനി, വിറയൽ ക്ഷീണം, മറ്റ് അസ്വസ്ഥതകൾ എന്നിവയാണ് മലേറിയയുടെ സാധാരണ ലക്ഷണങ്ങൾ. ഇതുകൂടാതെ, ചിലർക്ക് തലവേദന, ഛർദി, പേശിവേദന, നെഞ്ചുവേദന, തളർച്ച, ചുമ, തുടർച്ചയായി വിയർക്കൽ എന്നിവയും അനുഭവപ്പെടാറുണ്ട്. മലേറിയ ഉണ്ടാകാനുള്ള കാരണങ്ങളും അതിനെതടയാനുള്ള മാർഗങ്ങളും നാം മനസ്സിലാക്കേണ്ടതുണ്ട്.
കൊതുകാണ് വില്ലൻ!
കൊതുകുകളിലൂടെ പകരുന്ന അസുഖമാണ് മലേറിയ. രോഗബാധിതനായ ഒരു വ്യക്തിയെ കടിക്കുന്ന കൊതുകിന്റെ ശരീരത്തിലും പരാദം പ്രവേശിക്കുന്നു. പിന്നീട് ഇതേ കൊതുക് ആരോഗ്യവാനായ ഒരു വ്യക്തിയെ കടിക്കുമ്പോൾ ഈ പരാദം അയാളിലേക്കും പകരുന്നു. ഈ പരാദങ്ങൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, കരളിലേക്ക് എത്തുകയും ഏകദേശം ഒരു വർഷം വരെ പ്രവർത്തനരഹിതമായി അവിടെ തുടരുകയും ചെയ്യാം. ഇവ വലുതായിക്കഴിയുമ്പോൾ ശരീരത്തിലെ റെഡ് ബ്ലഡ് സെല്ലുകളെ ബാധിക്കുകയും പതിയെ മലേറിയയുടെ ലക്ഷണങ്ങൾ പ്രകടമാവാൻ തുടങ്ങുകയും ചെയ്യും.
ഈ പരാദങ്ങൾ പ്രവർത്തനസജ്ജമാകുന്നതുവരെയുള്ള കാലയളവിൽ ഏതെങ്കിലും കൊതുകുകൾ ആ വ്യക്തിയെ കടിച്ചാൽ വീണ്ടും ആ പരാദങ്ങൾ മറ്റ് മനുഷ്യരിലേക്കും പകർന്നുനൽകപ്പെടാൻ സാധ്യതയുണ്ട്. അമ്മയിൽനിന്നും രക്തത്തിലൂടെ ഗർഭസ്ഥശിശുവിലേക്കും മലേറിയ പകരാം. കുത്തിവെയ്ക്കാൻ ഉപയോഗിക്കുന്ന സൂചികൾ മാറ്റി ഉപയോഗിക്കുന്നതു വഴിയും ഇത് സംഭവിക്കാം.
എന്തൊക്കെ കരുതലുകൾ സ്വീകരിക്കണം?
കൊതുകുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നതാണ് മലേറിയ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം. ട്രോപ്പിക്കൽ, സബ് ട്രോപ്പിക്കൽ മേഖലകളിലാണ് ഇത് കൂടുതൽ. ശരീരം മുഴുവൻ പൊതിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാതിലും ജനലുമെല്ലാം നെറ്റ് അടിച്ച് സുരക്ഷിതമാക്കാനും ശരീരത്ത് ഇൻസെക്ട് റെപ്പല്ലന്റുകൾ പുരട്ടാനും ശ്രദ്ധിക്കണം. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, ഗർഭസ്ഥസിശുക്കൾ, മലേറിയബാധിത പ്രദേശത്തുനിന്നല്ലാതെ വരുന്ന സഞ്ചാരികൾ തുടങ്ങിയവർക്കെല്ലാം രോഗം വരാനുള്ള സാധ്യതയുണ്ട്. അതിനാൽ, കൊതുകുകൾ ഉള്ളിടത്ത് പുറത്തിറങ്ങുമ്പോൾ മേൽപ്പറഞ്ഞ കരുതലുകളെല്ലാം സ്വീകരിക്കണം.
