NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സൗജന്യ ഗർഭാശയ-ഗളാർബുദ പ്രതിരോധ വാക്സിനേഷൻ ; ജില്ലയിൽ ലക്ഷ്യം കണ്ടത് 20.7 ശതമാനം മാത്രം; സംസ്ഥാനത്ത് ഏറ്റവും പിന്നിൽ..!

 

ഗർഭാശയ-ഗളാർബുദത്തിന് (സെർവിക്കൽ കാൻസർ) പ്രതിരോധമൊരുക്കാൻ 14-15 വയസുള്ള പെൺകുട്ടികൾക്കായി സർക്കാർ നടപ്പിലാക്കിയ സൗജന്യ എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിൻ  അവസാനിക്കാനിരിക്കെ ജില്ലയിൽ പദ്ധതിക്ക് തണുത്ത പ്രതികരണം. ഇതുവരെ ജില്ലയിൽ ആകെ വാക്സിൻ സ്വീകരിച്ചത് വെറും 20.7 ശതമാനം പേർ മാത്രമാണ്.

 

സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കുട്ടികൾ വാക്സിനെടുത്തതും മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ ആകെയുള്ള 83 സെഷനുകളിൽ 80 എണ്ണവും പൂർത്തിയാകുമ്പോഴുള്ള ഔദ്യോഗിക കണക്കാണിത്.

 

സംസ്ഥാനത്ത് എച്ച്.പി.വി വാക്സിൻ ഗുണഭോക്താക്കളായ പെൺകുട്ടികൾ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണെന്നിരിക്കെയാണ് ഈ കുറഞ്ഞ ശതമാനം.

 

കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച ക്യാമ്പയിനിലൂടെ ഈ മാസം 27 വരെ ജില്ലയിൽ 9,317 പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. പദ്ധതി പ്രകാരം ജില്ലയിൽ ആകെ 44,929 കുട്ടികൾക്ക് വാക്സിൻ നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ ഇനി 35,612 കുട്ടികൾ കൂടി വാക്സിൻ എടുക്കാനുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

 

ഗർഭാശയ-ഗളാർബുദത്തിന് കാരണമാകുന്ന എച്ച്.പി.വി അണുബാധയിൽ നിന്ന് കുട്ടികളെ ഭാവിയിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. സ്വകാര്യ ആശുപത്രികളിൽ 4,000 രൂപയോളം വലിയ തുക ഈടാക്കുന്ന ഈ വാക്സിനാണ് സർക്കാർ ജില്ലയിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കിയത്. എന്നാൽ സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇവിടെ ഗുണഭോക്താക്കൾ വളരെ കുറവാണ്.

 

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത്, 80 ശതമാനം. 2006 മുതൽ ഇന്ത്യയിൽ വിജയകരമായി നൽകിവരുന്ന സുരക്ഷിതമായ വാക്സിനാണിത്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിലും വ്യാജ വാർത്തകളിലും വഞ്ചിതരാകാതെ, രക്ഷിതാക്കൾ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിച്ച് കുട്ടികൾക്ക് വാക്സിൻ നൽകാൻ മുന്നോട്ട് വരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

വാക്സിനേഷൻ വിതരണം നടത്തുന്നതിനായി പ്രഖ്യാപിച്ച സ്കൂൾ അവധിക്കാലം പദ്ധതിക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. സാധാരണയായി ഇത്തരം പ്രതിരോധ കുത്തിവെപ്പുകൾ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് നൽകാറുള്ളത്. എന്നാൽ എച്ച്.പി.വി വാക്സിനേഷൻ സ്കൂളുകൾ വഴി വിതരണം ചെയ്തിരുന്നില്ല. ഇതിനുപുറമെ അവധിക്കാലമായതിനാൽ രക്ഷിതാക്കൾക്കായി വിപുലമായ രീതിയിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ സാധിക്കാതെ പോയതും തിരിച്ചടിയായി. ഇതുമൂലം ഭൂരിഭാഗം രക്ഷിതാക്കൾക്കും ഈ വാക്സിൻ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചോ അതിന്റെ ആവശ്യകതയെക്കുറിച്ചോ കൃത്യമായ ധാരണയില്ല.

 

നിലനിൽക്കുന്ന അനാവശ്യമായ സംശയങ്ങളും ആശങ്കകളും കാരണമാണ് പലരും കുട്ടികൾക്ക് വാക്സിൻ എടുക്കാൻ തയ്യാറാകാത്തതെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!